ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ്
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ്. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന ഒരു സ്‌കോളര്‍ഷിപ്പും വെട്ടിക്കുറക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറക്കുന്നു, സ്‌കോളര്‍ഷിപ്പിന് വകയിരുത്തിയ തുക വിതരണം ചെയ്തില്ല തുടങ്ങിയ ആരോപണങ്ങളാണ് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചത്. ഇതു സംബന്ധിച്ച് നിയമസഭയില്‍ എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. ധനകാര്യവകുപ്പ് മന്ത്രിയും നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതുമാണ്.
സ്‌കോളര്‍ഷിപ്പിന് വകയിരുത്തിയ തുക വിതരണം ചെയ്തില്ലെന്ന ആരോപണവും മന്ത്രിയുടെ ഓഫീസ് നിഷേധിക്കുന്നു. സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുകയും വിതരണത്തിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരികയുമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കു പുറമെ കേന്ദ്രം നിര്‍ത്തലാക്കിയ പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പിന് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഏകദേശം 1.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യേണ്ടതുണ്ട്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് നിരവധി തവണ മാറ്റേണ്ടിവന്നു. ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അധിക ജീവനക്കാരെ നിയമിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അനാവശ്യമായ ആശങ്ക സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പും, കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനു പകരം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ സ്‌കോളര്‍ഷിപ്പും നടപ്പു സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
