സിനിമ സെറ്റിലെ പള്ളി തകര്‍ത്ത കേസിലെ ഒന്നാം പ്രതിയെ ഗുണ്ടാ നിയമം ചുമത്തി ജയിലിലടച്ചു
മുമ്പ് രണ്ട് തവണ രതീഷിനെതിരേ കാപ്പ ചുമത്തിയിട്ടുണ്ട്.
കൊച്ചി: സിനിമ സെറ്റിലെ പള്ളി തകര്‍ത്ത കേസിലെ ഒന്നാം പ്രതിയെ ഗുണ്ടാ നിയമം ചുമത്തി ജയിലിലടച്ചു. കാലടിയില്‍ മിന്നല്‍ മുരളി സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി നിർമിച്ച പള്ളിയുടെ സെറ്റ് തകര്‍ത്ത കേസിലെ ഒന്നാം പ്രതി കാര രതീഷിനെയാണ് കാപ്പ ചുമത്തി ജയിലിടച്ചത്. സിനിമ സെറ്റ് തകര്‍ത്ത കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നതോടെയാണ് ഗുണ്ടനിയമപ്രകാരമുള്ള നടപടി.
അങ്കമാലിയില്‍ നടന്ന വധശ്രമക്കേസില്‍ 2017ല്‍ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് സിനിമ സെറ്റിലെ പള്ളി തകര്‍ത്തത്.
മുമ്പ് രണ്ട് തവണ രതീഷിനെതിരേ കാപ്പ ചുമത്തിയിട്ടുണ്ട്. 2016ല്‍ കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കാര രതീഷ്. എറണാകുളം റൂറല്‍, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി ഒട്ടേറെ കേസുകളുണ്ട്. രതീഷിന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ പോലിസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.