കേരളാ ബാങ്കിലെ ആയിരത്തിലധികം ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തു: മന്ത്രി വി എന്‍ വാസവന്‍

മലപ്പുറം ജില്ലാ ബാങ്ക് ഉടന്‍ കേരളാ ബാങ്കിന്റെ ഭാഗമാകും. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി

Update: 2022-04-21 13:04 GMT

കൊച്ചി: കേരള ബാങ്കില്‍ വരാന്‍ പോകുന്ന ഒഴിവുകള്‍ അടക്കം മുന്നില്‍ കണ്ട് ആയിരത്തിലധികം തസ്തികകളിലേയ്ക്ക് നിയമനം നടത്താന്‍ വേണ്ട് നടപടികള്‍ സ്വീകരിക്കാന്‍ പിഎസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സഹകരണ എക്‌സ്‌പോ 2022ന്റെ എറണാകുളം മറൈന്‍ഡ്രൈവിലെ വേദിയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ കൂടി കണക്കാക്കിയാണ് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തത്.

ഇപ്പോള്‍ പിഎസ് സി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ ബാങ്ക് ഉടന്‍ കേരളാ ബാങ്കിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി വിശദീകരിച്ചു.മന്ത്രി കൂട്ടിച്ചേര്‍ത്തു.കൊവിഡ് പ്രതിസന്ധി മറികടക്കുവാനും സഹകരണമേഖലയുടെ കരുത്ത് തെളിയിക്കുവാനും കേരളാ ബാങ്ക് ആരംഭിച്ച 'ബി ദി നമ്പര്‍ വണ്‍' നിക്ഷേപ സമാഹരണ കാംപയിന്‍ വിജയകരമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

3 മാസം നീണ്ടു നിന്ന കാംപയിന്‍ മാര്‍ച്ച് 31 നാണ് അവസാനിച്ചത്. ഈ കാലയളവില്‍ നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്, ബിസിനസ് വളര്‍ച്ച, നിക്ഷേപത്തിലും വായ്പയിലുമുള്ള വര്‍ധനവ് തുടങ്ങി ബാങ്കിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കേരള ബാങ്കിന് ഉന്നതിയില്‍ എത്താന്‍ സാധിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5631.58 കോടി രൂപയുടെ അധിക വളര്‍ച്ചയാണ് കേരള ബാങ്ക് കൈവരിച്ചത്.

നിക്ഷേപത്തില്‍ മൂവായിരം കോടിയുടെയും വായ്പയില്‍ 5422.34 കോടിയുടെയും വളര്‍ച്ച കേരള ബാങ്കിനുണ്ടായി. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായി മാത്രമല്ല ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ബാങ്കാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കേരള ബാങ്ക് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നുണ്ട്. പത്രസമ്മേളനത്തില്‍ കേരളാ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, ഭരണാസമിതിയംഘം അഡ്വ. പുഷ്പദാസ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ സി സഹദേവന്‍ എന്നിവരും പങ്കെടുത്തു.

Tags: