യാനങ്ങളുടെ അവശിഷ്ടങ്ങള്‍ മൂലമുള്ള കടലിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സത്വര നടപടി : മന്ത്രി സജി ചെറിയാന്‍

യാനങ്ങള്‍ കടലില്‍ അപകടത്തില്‍പെട്ടാല്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ബോട്ടുകളും മറ്റും മുങ്ങിക്കിടക്കുന്ന സ്ഥലങ്ങള്‍ അപകടരഹിതമാക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും

Update: 2021-10-07 11:48 GMT

കൊച്ചി : കടലില്‍ മുങ്ങിയ യാനങ്ങളുടെ അവശിഷ്ടങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍.കടലില്‍ തകര്‍ന്ന ബോട്ടുകളും വള്ളങ്ങളും നീക്കം ചെയ്യാത്തതുമൂലം അടുത്തിടെയുണ്ടായ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് നിയമസഭയില്‍ മന്ത്രി അറിയിച്ചത്.

യാനങ്ങള്‍ കടലില്‍ അപകടത്തില്‍പെട്ടാല്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാകേണ്ടതുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഫിഷറീസ്, ജില്ല ഭരണകൂടം, ദുരന്ത നിവാരണ വകുപ്പ്, കേരള മാരിടൈം ബോര്‍ഡ്, ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിഭാഗം എന്നിവയുടെ സംയുക്ത മന്ത്രിതല യോഗം ചേര്‍ന്ന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

ബോട്ടുകളും മറ്റും മുങ്ങിക്കിടക്കുന്ന സ്ഥലങ്ങള്‍ അപകടരഹിതമാക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ ജില്ല ദുരന്ത നിവാരണ വിഭാഗവും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ഫിഷറീസ് വകുപ്പും ചേര്‍ന്നു സ്വീകരിക്കും. മുങ്ങിയ ബോട്ടുകള്‍ സംബന്ധിച്ച് ഫിഷറീസ് വകുപ്പിന്റെ പരിധിയില്‍ ചെയ്യാവുന്ന പരമാവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തുടര്‍ നടപടികള്‍ ജില്ല ദുരന്ത നിവാരണ വിഭാഗവും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ഫിഷറീസ് വകുപ്പും ചേര്‍ന്ന് സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News