പാമ്പ് കടിയേറ്റ് വിദ്യാർഥിനിയുടെ മരണം: അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദേശം

ബുധനാഴ്ച വൈകീട്ട് ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. എന്നാല്‍, പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Update: 2019-11-21 07:35 GMT

തിരുവനന്തപുരം: ബത്തേരി ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് മരിച്ച സംഭവം സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യഭ്യാസ മന്ത്രിയുടെ നിർദേശം. സ്കൂളിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുല്‍ അസീസിന്റെയും സജ്‌നയുടെയും മകള്‍ ഷഹല ഷെറിനാണ് (10) കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചത്. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച വൈകീട്ട് ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. എന്നാല്‍, പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 3.15ന് സംഭവമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിൽ സ്കൂളിനെതിരെ പ്രതിഷേധം തുടരുകയാണ്.

Tags: