വയോജന കമ്മീഷന്‍ രൂപീകരണം ആലോചനയില്‍: മന്ത്രി ആര്‍ ബിന്ദു

കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഠിനമായി പ്രയത്‌നിച്ച വയോജനങ്ങള്‍ അവഗണനകളും അവമതിപ്പും പീഡനങ്ങളും അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നതിനാലാണ് വയോജന കമ്മീഷന്‍ എന്ന നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു

Update: 2022-07-29 11:28 GMT

കൊച്ചി: വയോജന കമ്മീഷന്‍ രൂപീകരണം ആലോചനയിലൂണ്ടെന്ന് ഉന്നത വിദ്യാഭ്യാസ,സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.മുതിര്‍ന്ന പൗരന്മാരുടെയും വയോജനങ്ങളുടെയും സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള മെയ്ന്റനന്‍സ് ട്രിബൂണല്‍ അദാലത്ത് 'കനിവി'ന്റെ ജില്ലാതല ഉദ്ഘാടനം കളമശേരി ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഠിനമായി പ്രയത്‌നിച്ച വയോജനങ്ങള്‍ അവഗണനകളും അവമതിപ്പും പീഡനങ്ങളും അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നതിനാലാണ് വയോജന കമ്മീഷന്‍ എന്ന നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പരിത്യക്തരായ വയോജനങ്ങളെ പരിപാലിക്കുന്നതിനും അവര്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുന്നതിനും സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.2021-2022 ലെ വയോ ശ്രേഷ്ഠ പുരസ്‌കാരം കേരളത്തിനു ലഭിച്ചു. സംസ്ഥാനത്തിലെ 27 റവന്യൂ ഡിവിഷനുകളിലും മെയിന്റനന്‍സ് ട്രിബ്യൂണല്‍ പ്രവര്‍ത്തനം നടന്നു വരുന്നു. വയോജനങ്ങള്‍ക്കുള്ള പരാതികള്‍ ബോധിപ്പിക്കാനും പരാതികള്‍ പരിഹരിക്കാനുമുള്ള അദാലത്തുകള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. തിരഞ്ഞെടുത്ത ബ്ലോക്കുകളിലും മുന്‍സിപ്പാലിറ്റികളിലുമായി ആരോഗ്യ പരിരക്ഷയ്ക്കായി വയോജന ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.

സായം പ്രഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടു കൂടി ഹോമുകളും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. വയോ മധുരം, മന്ദഹാസം , വയോ അമൃതം എന്നിങ്ങനെ നിരവധി പദ്ധതികള്‍ വയോജനങ്ങള്‍ക്കായുണ്ട്. വയോജനങ്ങളെ പരിപാലിക്കുന്നതിനായി പഞ്ചായത്തു തോറും കേന്ദ്രങ്ങള്‍ ഉണ്ടാകണം.വയോജന പരിപാലനത്തില്‍ പരിശീലനം നേടിയ നേഴ്‌സുമാരെ വാര്‍ത്തെടുക്കണം. എല്ലാ ജില്ലയിലും ഭദ്രമായ ഹോം നഴ്‌സിങ്ങ് സംവിധാനം വേണമെന്നാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമാക്കുന്നത്.

മേധക്ഷയം, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സന്‍സ് എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വയോജനങ്ങളെ പരിചരിക്കുന്ന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.വയോജനങ്ങള്‍ക്ക് മാത്രമായി ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, അയല്‍ക്കൂട്ടങ്ങള്‍ , വാര്‍ഡ് സഭകള്‍ എന്നിവ രൂപീകരിക്കുന്നതില്‍ സാമൂഹ്യനീതി നീതി വകുപ്പ് മുന്‍കൈ എടുക്കും. ഹാപ്പിനെസ് ഇന്‍ഡെക്‌സില്‍ വയോജനങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ബോധി പദ്ധതിയുടെ ഭാഗമായുള്ള കിയോസ്‌കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സീമ കെ കണ്ണന്‍, കൗണ്‍സിലര്‍ ഷാജഹാന്‍ കടപ്പള്ളി, ജില്ലാ കലക്ടര്‍ ഡോ. രേണുരാജ്, സബ് കലക്ടര്‍ പി വിഷ്ണു രാജ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ന്യൂറോ സയന്‍സ് വിഭാഗം തലവന്‍ ഡോ. പി എസ് ബേബി ചക്രപാണി, ബോധി മാസ്റ്റര്‍ ട്രെയിനര്‍ ബിബി ഡോമിനിക് അയിക്കര, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ കെ കെ ഉഷ, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി വി സുഭാഷ് പങ്കെടുത്തു.

Tags:    

Similar News