ലഹരി വിപത്തിനെതിരെ സമൂഹം കൂട്ടായ പ്രതിരോധം തീര്‍ക്കണം : മന്ത്രി പി രാജീവ്

പുതുതലമുറയില്‍ അപകടകരമായ രീതിയില്‍ ലഹരിയുടെ സ്വാധീനം വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Update: 2021-10-31 12:18 GMT

കൊച്ചി: ലഹരി വിപത്തിനെതിരെ സമൂഹം കൂട്ടായ പ്രതിരോധം തീര്‍ക്കണമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തിയാഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വര്‍ജന മിഷന്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ വിമുക്തി ദീപം തെളിയിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതുതലമുറയില്‍ അപകടകരമായ രീതിയില്‍ ലഹരിയുടെ സ്വാധീനം വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരി എച്ച്എംടി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ നഷീദ സലാം ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു.മധ്യ മേഖല ജോ. എക്‌സൈസ് കമ്മീഷണര്‍ പി കെ സനു വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ എ ഫൈസല്‍ സംസാരിച്ചു.നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലാണ് ദീപം തെളിയിക്കല്‍ നടന്നത്.പറവൂര്‍ ടൗണില്‍ വി ഡി സതീശന്‍ എംഎല്‍എ, എറണാകുളത്ത് ചാത്യാത്ത് ചര്‍ച്ചിന് മുന്നില്‍ ടി ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ ആര്‍ അനില്‍കുമാര്‍,

തൃപ്പൂണിത്തുറ സ്റ്റാറ്റിയൂ ജംഗ്ഷനില്‍ കെ ബാബു എംഎല്‍എ, പാലാരിവട്ടം ജംഗ്ഷനില്‍ പി ടി തോമസ് എംഎല്‍എ, കൊച്ചിയില്‍ കെ ജെ മാക്‌സി എംഎല്‍എ, നായരമ്പലത്ത് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ, , കരി മുഗള്‍ ഗാന്ധി സ്‌ക്വയറില്‍ പി വി ശ്രീനിജിന്‍ എംഎല്‍എ, പെരുമ്പാവൂര്‍ ഗാന്ധി സ്‌ക്വയറില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, കോതമംഗലം ഗാന്ധി സ്‌ക്വയറില്‍ ആന്റണി ജോണ്‍ എംഎല്‍എ, മൂവാറ്റുപുഴ ഗാന്ധി സ്‌ക്വയറില്‍ മാത്യു കുഴലനാടന്‍ എംഎല്‍എ, ആലുവ ഗാന്ധി സ്‌ക്വയറില്‍ നഗരസഭാ ചെയര്‍മാന്‍ എം ഒ ജോണ്‍, അങ്കമാലി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നഗരസഭാ ചെയര്‍മാന്‍ റെജി മാത്യു,പിറവം ടൗണില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ പി സലീം, എന്നിവരുടെ നേതൃത്വത്തിലാണ് ദീപം തെളിയിക്കല്‍ നടന്നത്.

ഗാന്ധിജിയുടെ 152 മത് ജന്മദിനത്തെ അനുസ്മരിപ്പിച്ച് 152 തിരികളാണ് ഓരോ കേന്ദ്രങ്ങളിലും തെളിയിച്ചത്. ഗാന്ധിജയന്തി യുടെ ഭാഗമായി കഴിഞ്ഞ 2 മുതല്‍ വിവിധ പരിപാടികളാണ് വിമുക്തി മിഷന്‍ നടത്തി വരുന്നത്. വിവിധ സാമൂഹ്യസാംസ്‌കാരികസന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

Tags:    

Similar News