ഡാമുകളുടെ ഷട്ടറുകള്‍ തുറക്കല്‍: അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സുസജ്ജം: മന്ത്രി പി രാജീവ്

പെരിയാറിലെ ജലനിരപ്പുയര്‍ന്ന് വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി

Update: 2021-10-18 12:27 GMT

കൊച്ചി: ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സജ്ജമാണെന്ന് മന്ത്രി പി രാജീവ്.ജില്ലയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പെരിയാറിലെ ജലനിരപ്പുയര്‍ന്ന് വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുഴയിലെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്ന് ഇറിഗേഷന്‍ വകുപ്പിനോട് മന്ത്രി നിര്‍ദ്ദേശിച്ചു. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടപ്പാക്കണം. ഫിഷറീസ് വകുപ്പ് വിവിധ മത്സ്യ തൊഴിലാളി സംഘടനകള്‍ എന്നിവയുടെ സഹകരണം കൂടി ഉറപ്പു വരുത്തണം.

ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധ സംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്താം. വേണമെങ്കില്‍ കളമശ്ശേരി അതിഥി മന്ദിരത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഇടമലയാറിലെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത കൂടുതലാണ്. ഈ പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ടത്ര കരുതലുകള്‍ സ്വീകരിക്കണം. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ കലക്ടര്‍ ജാഫര്‍ മാലിക്, എസ്പി കെ കാര്‍ത്തിക്ക്, എസിപി. ഐശ്വര്യ ദോംഗ്‌റേ, സബ് കലക്ടര്‍ വിഷ്ണു രാജ്, എ ഡി എം എസ്.ഷാജഹാന്‍, ആലുവ തഹസില്‍ദാര്‍ സത്യപാലന്‍ നായര്‍ പങ്കെടുത്തു.

Tags:    

Similar News