പ്രളയ ഫണ്ട് തട്ടിപ്പ്: റവന്യൂമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ എം കൗശിക്കിനാണ് അന്വേഷണ ചുമതല.

Update: 2020-06-03 09:15 GMT

തിരുവനന്തപുരം: ഒരു കോടിയോളം രൂപ പ്രളയ ഫണ്ടില്‍നിന്ന് തട്ടിയെടുത്ത വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ എം കൗശിക്കിനാണ് അന്വേഷണ ചുമതല.

പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ കൊച്ചി തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം നിധിന് പങ്കുണ്ടെന്ന് മാര്‍ച്ചില്‍ കണ്ടെത്തിയിരുന്നു. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ അനധികൃതമായി എത്തിയതായാണ് ക്രൈംബ്രാഞ്ച് ആദ്യം കണ്ടെത്തിയത്.

പ്രളയം ഒരു രീതിയിലും ബാധിക്കാത്ത കാക്കനാട് മേഖലയില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്ക് എറണാകുളം കലക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ് പണം കൈമാറിയതായി കണ്ടെത്തിയിരുന്നു.

വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണവും ഗുണഭോക്താക്കള്‍ കലക്ടറേറ്റില്‍ തിരിച്ചടച്ച തുക വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതും ഉള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ റവന്യൂ സംഘം കണ്ടെത്തിയത്.

കേസില്‍ അറസ്റ്റിലായ വിഷ്ണുപ്രസാദിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വിഷ്ണുപ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ട്രഷറിയിലെയും ജില്ലാ കലക്ടറുടെയും രേഖകള്‍ പരിശോധിച്ച പ്രകാരവുമാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സംഭവത്തില്‍ സെക്ഷന്‍ ക്ലര്‍ക്കായ വിഷ്ണുപ്രസാദിന് പുറമെ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കലക്ടറുടെ നിര്‍ദേശ പ്രകാരം ഫിനാന്‍സ് ഓഫീസര്‍ ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അതില്‍ 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ തുകയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇതില്‍ പത്തുലക്ഷം രൂപ തിരിച്ചുപിടിച്ചു.

ചെക്ക്ബുമുക്ക് ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടാണ് ആദ്യ തട്ടിപ്പ് നടത്തിയത്. ഈ പണം പിന്നീട് സി.പി.എം. തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എം.എം.അന്‍വറിന്റെ സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം പിന്‍വലിക്കുകയായിരുന്നു.

വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്ത വിഷ്ണുവിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. 

വിഷ്ണുപ്രസാദിന്റെ സുഹൃത്ത് മഹേഷ്, സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം എം അൻവർ, ഭാര്യ മുന്‍ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യ നീതു, സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്‍ എന്‍ നിഥിന്‍, ഭാര്യ ഷിന്റു എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. പ്രതികൾക്ക് ഇന്ന് കോടതി ജാമ്യം നല്‍കി.

Tags:    

Similar News