തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ പ്രദര്‍ശിപ്പിക്കും : മന്ത്രി എം വി ഗോവിന്ദന്‍

സ്ത്രീധന നിരോധന നിയമം നിലവിലുള്ള രാജ്യമാണ് നമ്മുടേത്.എന്നാല്‍ സ്ത്രീധന സമ്പ്രദായത്തിന്റെ ദുരന്തം ഇന്നും സമൂഹത്തില്‍ വ്യാപകമാണ്. കേവലം നിയമം കൊണ്ട് മാത്രം സ്ത്രീധന നിരോധനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അതിനായി ഇത്തരത്തിലുള്ള സ്ത്രീധന വിരുദ്ധ കാംപയിനുകള്‍ അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു

Update: 2021-07-24 12:07 GMT

കൊച്ചി: സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന സ്ത്രീധനമുക്തകേരളം കാംപയിന്റെ ഭാഗമായി സാക്ഷരതമിഷന്‍ തയാറാക്കിയ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞൂ. പ്രഫ. എം കെ സാനുവില്‍ നിന്ന് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീധന നിരോധന നിയമം നിലവിലുള്ള രാജ്യമാണ് നമ്മുടേത്.എന്നാല്‍ സ്ത്രീധന സമ്പ്രദായത്തിന്റെ ദുരന്തം ഇന്നും സമൂഹത്തില്‍ വ്യാപകമാണ്. കേവലം നിയമം കൊണ്ട് മാത്രം സ്ത്രീധന നിരോധനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അതിനായി ഇത്തരത്തിലുള്ള സ്ത്രീധന വിരുദ്ധ കാംപയിനുകള്‍ അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്ത്രീയോടുള്ള സമൂഹത്തിന്റെ സമീപനം മാറണമെന്ന് പ്രഫ. എം കെ സാനു അഭിപ്രായപ്പെട്ടു. സ്ത്രീയെ ചവിട്ടിയരയ്ക്കുന്ന സമൂഹമായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നു. സ്ത്രീയെ തുല്യമായി പരിഗണിക്കണം. ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും പ്രപഞ്ചത്തെ നിലനിര്‍ത്തുകയും ചെയ്യുന്ന സ്ത്രീയെ ബഹുമാനിക്കാന്‍ ശീലിക്കണം.സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ലിംഗസമത്വ ബോധന പരിപാടിയുടെ ഭാഗമായാണ് സ്ത്രീധന വിരുദ്ധ കാംപയിന്‍ സംഘടിപ്പിക്കുന്നത്.

സ്ത്രീധന നിരോധന നിയമത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക, ,സ്ത്രീധനത്തിന്റെ ചരിത്രത്തെയും സാമൂഹിക അനുവഭങ്ങളെയും കുറിച്ച് അവബോധം നല്‍കുക ,സ്ത്രീധനം എന്ന സാമൂഹിക വിപത്തിനതിരെ സാമൂഹിക ജാഗ്രത സൃഷ്ടിക്കുക,കേരളത്തെ സ്ത്രീധന മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ജൂലൈ നാലിന് ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് കാംപയിന്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചിരുന്നു. പ്രഫ എം കെ സാനുവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി എസ് ശ്രീകല പങ്കെടുത്തു.

Tags:    

Similar News