അതിരപ്പിള്ളി പദ്ധതി ഒരുതരത്തിലും നടപ്പിലാക്കാൻ സാധിക്കില്ല: വനംമന്ത്രി
പദ്ധതിക്കായി 2007ല്‍ മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ല്‍ അവസാനിച്ചു. അനുമതിയുടെയെല്ലാം കാലാവധി സമ്പൂര്‍ണമായും അവസാനിച്ച പദ്ധതിയാണിത്.
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി ഒരു തരത്തിലും നടപ്പിലാക്കാൻ സാധിക്കില്ലെന്ന് വനം മന്ത്രി കെ രാജു. പദ്ധതിയെപ്പറ്റി മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ല. പദ്ധതിക്കായി 2007ല്‍ മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ല്‍ അവസാനിച്ചു. അനുമതിയുടെയെല്ലാം കാലാവധി സമ്പൂര്‍ണമായും അവസാനിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു
സമവായം ഉണ്ടെങ്കില്‍ മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. പദ്ധതിയോട് ഘടകകക്ഷികള്‍ക്ക് തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും വനംമന്ത്രി വ്യക്തമാക്കി.
2001ല്‍ ഹൈക്കോടതി പ്രദേശത്തെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പൊതുജനങ്ങളെ കേള്‍ക്കാതെയും മഴക്കാലത്ത് മാത്രം നടത്തിയ പഠനത്തേയും അടിസ്ഥാനപ്പെടുത്തിയാണ് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന നിഗമനത്തില്‍ 2001ല്‍ പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി റദ്ദാക്കിയിരുന്നു. ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള സംഗതിയാണെന്നും അദ്ദേഹം പറഞ്ഞു.