പറവൂരിലെ സജീവന്റെ ആത്മഹത്യ:ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് റവന്യു മന്ത്രി

കേരളത്തില്‍ ഇങ്ങനെയൊരു കാര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി റവന്യു പ്രിന്‍പ്പല്‍ സെക്രട്ടറി ഡോ. ജയതിലകന്‍ എറണാകുളം കലക്ടറേറ്റിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.മരിച്ച സജീവന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Update: 2022-02-06 15:50 GMT

കൊച്ചി: പറവൂര്‍ മാല്യങ്കരയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സജീവന്‍ ഭൂമി തരം മാറ്റലിന് സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. മരിച്ച സജീവന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ ഇങ്ങനെയൊരു കാര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി റവന്യു പ്രിന്‍പ്പല്‍ സെക്രട്ടറി ഡോ. ജയതിലകന്‍ എറണാകുളം കലക്ടറേറ്റിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമായാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ.

സര്‍ക്കാര്‍ മുന്‍വിധിയോടെയല്ല ഇക്കാര്യങ്ങളെ സമീപിക്കുന്നത്. റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെ മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തും. ലൈഫ് പദ്ധതികളുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ വളരെ കുറഞ്ഞ ഭൂമിയുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്ന തരത്തിലാണ് മാറ്റം വരുത്തുന്നത്.ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ ഇടപെടലിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും.

തെറ്റായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല. അതിന്റെ ഭാഗമായായിട്ടാണ് അടുത്തിടെ ഫോര്‍ട്ട് കൊച്ചി ആര്‍ ഡി ഓഫീസിലെ 23 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.സജീവിന്റെ കുടുംബത്തിന് നീതി ലഭിക്കും.ഇവരുടെ ഭൂമിയുമായി ബന്ധപ്പെട്ട അവകാശം സൗജന്യമായി നല്‍കാവുന്നതാണ്. രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സജീവന്റെ കുടുബാംഗങ്ങളുടെ ദു:ഖത്തില്‍ സര്‍ക്കാരും പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു. സജീവന്റെ അമ്മ, ഭാര്യ, മറ്റു കുടുബാംഗങ്ങളുമായി മന്ത്രി സംസാരിച്ചു. മുന്‍ മന്ത്രി എസ് ശര്‍മ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു

ഭൂമി തരം മാറ്റം അപേക്ഷകളില്‍ അടുത്ത കാലത്തായി വര്‍ധനയുണ്ടായിട്ടുണ്ട്. 2008 ലുണ്ടാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന് 2018 ല്‍ ഭേദഗതി വരികയുണ്ടായി. 2008 നു മുമ്പ് നികന്നു കിടക്കുന്ന ഭൂമി റെഗുലറൈസ് ചെയ്യാനുള്ള ദേദഗതിയാണ് വരുത്തിയത്. 2021 ഫെബ്രുവരിയില്‍ 25 സെന്റ് വരെയുള്ള ഭൂമിക്ക് പണമടക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ കാബിനറ്റ് എത്തിയെങ്കിലും തിരഞ്ഞെടുപ്പ് മൂലം മറ്റു നടപടികള്‍ എടുക്കാനായില്ല.

എന്നാല്‍ സൗജന്യമാക്കണമെന്ന കോടതി വിധി വന്നത് ആഗസ്റ്റ് മാസത്തിലാണ്. ഈ കാലയളവില്‍ അപേക്ഷകളുടെ എണ്ണവും വര്‍ധിച്ചു. ഓണ്‍ലൈനായി പോക്കുവരവ് ചെയ്യാന്‍ സാധിക്കുന്ന ഘട്ടത്തില്‍ നികുതി അടക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതും ഭൂമിയുടെ സ്വഭാവം എന്താണെന്ന് മനസിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞു. ഇതും അപേക്ഷകളുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

Tags: