വാളയാര്‍ കേസ്: പ്രതികള്‍ക്കുവേണ്ടി സിഡബ്ല്യുസി ചെയര്‍മാന്‍ ഹാജരായത് തെറ്റെന്ന് മന്ത്രി കെ കെ ഷൈലജ
ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂസി ചെയര്‍മാനായി നിയമിക്കേണ്ടത്. ഇക്കാര്യം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട്: വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്കുവേണ്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാജരായത് തെറ്റെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂസി ചെയര്‍മാനായി നിയമിക്കേണ്ടത്. ഇക്കാര്യം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാളയാര്‍ കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടതില്‍ അന്വേഷണസംഘത്തിനെതിരേ വിമര്‍ശനം ശക്തമായിരിക്കെയാണ് സിഡബ്ല്യുസി ചെയര്‍മാന്റെ നടപടിക്കെതിരേ വകുപ്പുമന്ത്രി രംഗത്തെത്തുന്നത്.
കേസില്‍ വെറുതെ വിട്ട മൂന്നാംപ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് അഡ്വ.എന്‍ രാജേഷായിരുന്നു. എന്നാല്‍, വിചാരണവേളയില്‍ ഇദ്ദേഹത്തെ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കി. തുടര്‍ന്ന് നടപടി വിവാദമായതോടെ രാജേഷ് കേസ് മറ്റ് അഭിഭാഷകര്‍ക്ക് കൈമാറുകയായിരുന്നു. സാങ്കേതികകാരണങ്ങളുടെ പേരില്‍ രണ്ടുതവണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും മാറിയിരുന്നു. പ്രോസിക്യൂഷന്റെ വാദം മുന്‍കൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ രാജേഷ് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാനെതിരേ ഉയരുന്ന ആരോപണം.