മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം; പോലിസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
ശൂരനാട് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലിസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യുദ്ദീന്‍ എന്നിവരെയാണ് ഗുരുതര സുരക്ഷാവീഴ്ച ആരോപിച്ച് കഴിഞ്ഞയാഴ്ച എസ്പി സസ്‌പെന്റ് ചെയ്തിരുന്നത്.
തിരുവനന്തപുരം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരിക്കില്‍പ്പെപട്ട സംഭവത്തില്‍ മൂന്ന് പോലിസുകാരെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. ശൂരനാട് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലിസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യുദ്ദീന്‍ എന്നിവരെയാണ് ഗുരുതര സുരക്ഷാവീഴ്ച ആരോപിച്ച് കഴിഞ്ഞയാഴ്ച എസ്പി സസ്‌പെന്റ് ചെയ്തിരുന്നത്.
മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിനെത്തിയ എസ്പി ആര്‍ ഹരിശങ്കറിന്റെയും വാഹനങ്ങള്‍ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നതിനായിരുന്നു പോലിസുകാര്‍ക്കെതിരേ നടപടിയെടുത്തിരുന്നത്.
ഇവരെ പിന്നീട് സ്ഥലംമാറ്റുകയും ചെയ്തു. ചക്കുവള്ളിക്ക് സമീപം വിവാഹസംഘത്തിന്റെ ടൂറിസ്റ്റ് ബസ് റോഡരികില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്നാണ് ഗതാഗതക്കുരുക്കുണ്ടായത്. അതിനിടെയെത്തിയ മന്ത്രിയുടെ വാഹനം 20 മിനിറ്റോളം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. മന്ത്രിയുടെ യാത്രാവിവരങ്ങള്‍ നേരത്തെതന്നെ കൊട്ടാരക്കര റൂറല്‍ എസ്പിയുടെ ഓഫിസില്‍ അറിയിച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതോടെ മന്ത്രിയുടെ ഗണ്‍മാന്‍ വീണ്ടും റൂറല്‍ എസ്പിയുടെ ഓഫിസുമായി ബന്ധപ്പെട്ടു.
ഈസമയം റൂറല്‍ എസ്പി ശൂരനാട്ട് വെള്ളം കയറിയ പ്രദേശത്തായിരുന്നു. ശൂരനാട് പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ അടക്കമുള്ളവര്‍ റൂറല്‍ എസ്പിക്കൊപ്പമായിരുന്നു. ഈ സമയത്ത് പോലിസ് സ്‌റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലിസുകാര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്ക് നീക്കാനായില്ല. ഇതെത്തുടര്‍ന്നാണ് സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുകയായിരുന്നു.
