കാലാവധിയ്ക്കുള്ളില്‍ റോഡുകളുടെ പുനരുദ്ധാരണവും നിര്‍മ്മാണവും പൂര്‍ത്തീകരിക്കും: മന്ത്രി ജി സുധാകരന്‍

വികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയത ഉറപ്പ് വരുത്തുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Update: 2020-08-26 15:14 GMT

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി കേരളത്തിലെ മുഴുവന്‍ റോഡുകളുടെ പുനരുദ്ധാരണവും നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന റോഡുകളുടെ നിര്‍മാണവും പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

കുന്നംകുളം നിയോജകമണ്ഡലത്തില്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് നവീകരിച്ച ചാവക്കാട്-വടക്കാഞ്ചേരി സംസ്ഥാന പാതയുടെ കി.മീ. 15/000 മുതല്‍ 19/015 വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനവും അതേ പാതയില്‍ സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തി 13 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന വിവിധ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനവും ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയത ഉറപ്പ് വരുത്തുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ഇതോടനുബന്ധിച്ച് വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്‌ലാല്‍, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളായി. മധ്യ മേഖല പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ ടി ബിന്ദു, വടക്കാഞ്ചേരി എ എക്‌സ് ഇ സി ഐ സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി വി ഹാപ്പി തുടങ്ങിയവര്‍ പങ്കെടുത്തു.