വ്യവസായത്തെ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ല: മന്ത്രി ഇ പി ജയരാജന്‍

നോക്കു കൂലി ഇപ്പോഴും ചിലയിടങ്ങളിലുണ്ട്. അതു വൈകാതെ നിര്‍ത്തലാവും. വ്യസായ സംരഭകരെ തടസപ്പെടുത്തിയും ഭീഷണപ്പെടുത്തിയും പണം സമ്പാദിക്കുന്ന ലോബി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Update: 2020-02-17 13:52 GMT

കോഴിക്കോട്: വ്യവസായ രംഗത്ത് നടപടിക്രമങ്ങള്‍ സുതാര്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. എം ദാസന്‍ മെമ്മോറിയല്‍ കോഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ (എംഡിറ്റ്) അക്കാഡമിയ ഇന്‍ഡസ്ട്രി മീറ്റിന്റെ ഉദ്ഘാടനവും എംഡിറ്റ് ഇന്‍ഡസ്ട്രിയല്‍ വില്ലേജിന്റെ തറക്കല്ലിടല്‍ കര്‍മ്മവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സ്രോതസുകള്‍ ഉപയോഗിച്ച്് വികസനം സാധ്യമാക്കണം. തൊഴിലിനുള്ള സാധ്യത നമുക്കുണ്ട് അതു തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ഒരു വ്യവസായത്തെയും തടസപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഓരോ വ്യവസായവും തൊഴില്‍ മേഖലയും, കേരളത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള മാര്‍ഗവുമാണ്. നമ്മളെന്നും ദാരിദ്ര്യം ഉടലെടുക്കുന്ന നാടായി കഴിഞ്ഞാല്‍ പോര. പട്ടിണി കിടക്കാന്‍ വിധിച്ച നാടല്ല നമ്മുടേത്. വ്യവസായം വളരാന്‍ എല്ലാ നടപടികളും ഇടതു സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായണ് നോക്കുകൂലി നിര്‍ത്തലാക്കിയത്. എന്നാല്‍ ആരെയും അറിയിക്കാതെ ഇപ്പോഴും നോക്കു കൂലി ചിലയിടങ്ങളിലുണ്ട്. അതു വൈകാതെ നിര്‍ത്തലാവും. വ്യസായ സംരഭകരെ തടസപ്പെടുത്തിയും ഭീഷണപ്പെടുത്തിയും പണം സമ്പാദിക്കുന്ന ലോബി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ചടങ്ങില്‍ എംഡിറ്റ് ചെയര്‍മാന്‍ എം മെഹബൂബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി എം മഹീശന്‍ വിഷയാവതരണം നടത്തി. പുരുഷന്‍ കടലുണ്ടി എംഎല്‍എ, എപിജെഅബ്ദുള്‍കലാം ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എം എസ് രാജശ്രീ, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുകാവില്‍, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്‍ ചിറ്റൂര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി.എ, യുഎല്‍സിസിഎസ് ലിമിറ്റഡ് ചെയര്‍മാന്‍ രമേശന്‍ പാലേരി, കെ.എസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ്, എം.ഡിറ്റ് ഡയറക്റ്റര്‍ എച്ച്. അഹിനസ്് എന്നിവര്‍ സംസാരിച്ചു.

എന്‍ജിനീയറിംഗ് കേഴ്‌സുകളും വ്യവസായ മേഖലയുടെ തൊഴില്‍ ആവശ്യകതയെയും തമ്മില്‍ കൂട്ടിയിണക്കുകയാണ് അക്കാഡമിയ ഇന്‍ഡസ്ട്രി മീറ്റ് വഴി എംഡിറ്റ് ചെയ്യുന്നത്. നിലവില്‍ ഇത്തരമൊരു സഹവര്‍ത്തിത്വമില്ല. വിദ്യാര്‍ത്ഥികളുടെ കഴിവിനെ പഠനകാലത്തു തന്നെ പൂര്‍ണമായും പുറത്തു കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡസ്ട്രിയല്‍ വില്ലേജ് എംഡിറ്റില്‍ തുടങ്ങുന്നത്. നൂതന ആശങ്ങളുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവന്റെ ആശയത്തെ പുതിയ ഉത്പ്പന്നമാക്കി മാറ്റുന്നതിന് ഇന്‍ഡ്‌സ്ട്രിയല്‍ വില്ലേജ് ഉപകരിക്കും. അറിവും സാങ്കേതിക പരിജ്ഞാനവും ഒപ്പം പ്രവൃത്തി പരിജ്ഞാനവും ഇവയെല്ലാം പൂര്‍ത്തിയാക്കി തൊഴിലും ലഭ്യമാക്കി ആത്മവിശ്വാസത്തോടെ വിദ്യാര്‍ത്ഥികളെ പുറത്തേക്കു വിടുകയാണ് എംഡിറ്റ് ലക്ഷ്യമാക്കുന്നതെന്ന് എംമെഹബൂബ് പറഞ്ഞു.

Tags: