ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്; എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു

നൈറ്റ് വാച്ച്മാന്‍ തസ്തികയുടെ ജോലിസമയം എട്ടുമണിക്കൂറാക്കുമെന്നും നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് ഒഴിവുകള്‍ നികത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പുലഭിച്ചിട്ടുണ്ട്.

Update: 2021-02-28 08:09 GMT

തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാലസമരം പിഎസ്‌സി എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ അവസാനിപ്പിച്ചു. നിയമമന്ത്രി എ കെ ബാലനുമായി ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയില്‍ അനുകൂലതീരുമാനമുണ്ടായതോടെയാണ് 34 ദിവസം നീണ്ടുനിന്ന സമരം പിന്‍വലിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. വാച്ചര്‍മാരുടെ ജോലി സമയം പുനക്രമീകരിച്ച് കൂടുതല്‍ തസ്തിക സാധ്യമാക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായി. നൈറ്റ് വാച്ച്മാന്‍ തസ്തികയുടെ ജോലിസമയം എട്ടുമണിക്കൂറാക്കുമെന്നും നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് ഒഴിവുകള്‍ നികത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പുലഭിച്ചിട്ടുണ്ട്. ഒഴിവുകള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യാനും നടപടിയുണ്ടാവും.

ചര്‍ച്ച വിജയമായതോടെ സമരപ്പന്തലില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ഉദ്യോഗാര്‍ഥികള്‍ സന്തോഷം പങ്കിട്ടു. സമരത്തെ പിന്തുണച്ച സംഘടനകള്‍ക്ക് നന്ദിയറിയിക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. അതേസമയം, തങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉറപ്പ് ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. സര്‍ക്കാരിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. രേഖാമൂലം ഉറപ്പ് കിട്ടിയാല്‍ സമരം നിര്‍ത്തുമെന്ന് സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.

Tags:    

Similar News