സ്പ്രിംഗ്ളറുമായി കരാർ: ഐടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല- മന്ത്രി എ കെ ബാലൻ

സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാ വകുപ്പും അറിയേണ്ടതില്ല. ഡാറ്റ വിശകലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐടി വകുപ്പാണ് ചെയ്യേണ്ടത്. നിയമവകുപ്പ് ഇത് അറിയേണ്ട യാതൊരു കാര്യവുമില്ല.

Update: 2020-04-19 09:15 GMT

തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദത്തിൽ ഐടി വകുപ്പിനെ ന്യായീകരിച്ച് നിയമമന്ത്രി എ കെ ബാലൻ. കരാർ സംബന്ധിച്ച് നിയമവകുപ്പ് അറിയേണ്ട കാര്യമില്ലെന്നും ഐടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണങ്ങൾ ഉന്നയിക്കുന്നത് മുഖ്യമന്ത്രിയെ അപമാനിക്കാനാണ്. സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാ വകുപ്പും അറിയേണ്ടതില്ല. ഡാറ്റ വിശകലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐടി വകുപ്പാണ് ചെയ്യേണ്ടത്. നിയമവകുപ്പ് ഇത് അറിയേണ്ട യാതൊരു കാര്യവുമില്ല. അഡ്മിനിസ്ട്രേറ്റീവ് വകുപ്പും ഭരണവകുപ്പുമാണ് ഇത് നിയമവകുപ്പ് പരിശോധിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. ഇടപാട് സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കണമെന്ന് ഐടി വകുപ്പിന് തോന്നിയാൽ മാത്രമേ നിയമവകുപ്പ് ഇത് പരിശോധിക്കേണ്ടതുള്ളൂ. ഈ ഇടപാടിൽ യാതൊരു അപാകതയും ഇല്ലെന്നാണ് ഐടി വകുപ്പിന്റെ നിലപാട്. മന്ത്രിസഭയിലും ഇക്കാര്യം വരേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഡാറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയാവുന്ന ഐടി വകുപ്പ് എന്ന നിലയിൽ എല്ലാ സുരക്ഷയും സ്വീകരിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചത്. സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആരോപണം ഉണ്ടായ ഉടൻ തന്നെ ഡാറ്റ സർക്കാരിന്റെ കീഴിലുള്ള സിഡിറ്റിനെ ഏൽപിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളിൽ പോസിറ്റീവ് ആയ സമീപനമല്ല ഒരിക്കലും പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. ഡാറ്റ ദുരുപയോഗിക്കപ്പെടില്ല എന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും വീണ്ടും വീണ്ടും വിവാദമാക്കുന്നത് എന്തിനാണ്? നിയമവിരുദ്ധ പ്രവർത്തനമാണ് നടന്നതെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News