മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്‌കൂളിന്റെ ന്യായീകരണത്തിന് മാതാവിന്റെ മറുപടി; മകനെ പുറത്താക്കിയതല്ല
കൊച്ചി : ജെംസ് സ്‌കൂളില്‍ നിന്ന് മകനെ പുറത്താക്കിയതല്ലെന്ന് മിഹിറിന്റെ മാതാവ് രജ്‌ന.അവന്‍ അക്രമകാരിയല്ലെന്നും അവര്‍ പറഞ്ഞു. മിഹിറിനെതിരെ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. മിഹിറിനെ ജെംസ് സ്‌കൂളില്‍നിന്ന് പുറത്താക്കിയപ്പോള്‍ പഠിക്കാന്‍ അവസരം നല്‍കിയെന്നായിരുന്നു ഗ്ലോബല്‍ സ്‌കൂളിന്റെ വിശദീകരണം. എന്നാല്‍, ജെംസ് സ്‌കൂളില്‍നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങി ഗ്ലോബല്‍ സ്‌കൂളില്‍ പഠനത്തിനായി എത്തിയതാണെന്നും സ്‌കൂളില്‍ അക്രമം ഉണ്ടായപ്പോള്‍ അതില്‍ മിഹിര്‍ പങ്കാളി ആയിരുന്നില്ലെന്നും അക്രമത്തിന് കാഴ്ചക്കാരനായി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും രജ്ന പറഞ്ഞു.
മിഹിര്‍ പ്രശ്‌നക്കാരനായിരുന്നുവെന്നും സുഹൃത്തുക്കളുമായി ചേര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചുവെന്നുമടക്കമുളള ഗുരുതര ആരോപണമായിരുന്നു ഗ്ലോബല്‍ സ്‌കൂള്‍ അധികൃതര്‍ ഉന്നയിച്ചത്. മുന്‍പ് പഠിച്ച സ്‌കൂളില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ടി സി ലഭിച്ചശേഷമാണ് മിഹിര്‍ തങ്ങളുടെ സ്‌കൂളിലേക്ക് എത്തിയതെന്നും വിദ്യാര്‍ത്ഥിക്ക് രണ്ടാമതൊരു അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് അഡ്മിഷന്‍ നല്‍കിയതെന്നുമായിരുന്നു വിശദീകരണം.
ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ മാതാപിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തിയിരുന്നെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നത് പോലെ മിഹിറിനെ ആരും റാഗിംഗ് ചെയ്തിട്ടില്ലെന്നുമായിരുന്നു ഗ്ലോബല്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയത്. മിഹിറിന്റെ രക്ഷിതാക്കള്‍ റാഗിങ് ആരോപണം ഉയര്‍ത്തിയപ്പോള്‍ അന്വേഷണം നടത്തിയിരുന്നെന്നും സാക്ഷി മൊഴികളോ മറ്റു തെളിവുകളോ ഇല്ലാത്തതിനാലാണ് ആര്‍ക്കെതിരെയും നടപടി എടുക്കാത്തതെന്നുമായിരുന്നു വിശദീകരണം.
