'പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കല്‍ മാത്രം'; ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എന്‍ എസ് മാധവന്‍

Update: 2021-02-18 19:21 GMT

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതിനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. പാലങ്ങള്‍ക്ക് വിട, ശ്രീധരന് ഇനി കുഴിക്കാനിറങ്ങാമെന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. 'ഇ ശ്രീധരന്‍ പാലങ്ങള്‍ നിര്‍മിക്കുകയും തുരങ്കങ്ങള്‍ കുഴിക്കുകയും ചെയ്തു. ഇനി പാലങ്ങള്‍ക്ക് വിട, കുഴിക്കല്‍ മാത്രം', എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര വേളയില്‍ ശ്രീധരന്‍ ബിജെപിയുടെ ഭാഗമാവുമെന്നാണ് റിപോര്‍ട്ട്.


കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ അനീതി കണ്ടിട്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ശ്രീധരന്‍ പറയുന്നു. ഒമ്പത് വര്‍ഷമായി താന്‍ കേരളത്തിലുണ്ട്. സംസ്ഥാനത്ത് മാറ്റങ്ങളുണ്ടാവുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താത്പര്യമുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരരംഗത്തുവരും. താന്‍ പാര്‍ട്ടിയില്‍ ചേരുന്ന ഒറ്റ കാരണം കൊണ്ട് ബിജെപിയുടെ വോട്ട് ഇരട്ടിയാവുമെന്നും ശ്രീധരന്‍ അവകാശപ്പെട്ടു. കേന്ദ്ര നേതൃത്വവുമായി ശ്രീധരന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം. ലോക്‌സഭാ തിഞ്ഞെടുപ്പ് സമയത്തും ശ്രീധരനെ മല്‍സരരംഗത്തിറക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

Tags: