എംഇഎസ് സംസ്ഥാന കമ്മിറ്റി സസ്പെൻഷൻ നടപടി അംഗീകരിച്ചു

ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് നടപടി എന്ന് യോഗത്തിൽ വിലയിരുത്തപ്പെട്ടു.

Update: 2020-11-08 13:34 GMT

മലപ്പുറം: എംഇഎസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന സെക്രട്ടറി ഡോക്ടർ എൻഎം മുജീബ്റഹ്മാൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. അബ്ദുൽ ജബ്ബാർ എന്നിവരെ സംസ്ഥാന പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ ചേർന്ന യോഗമാണ് നടപടിക്ക് പരസ്യമായ അംഗീകാരം നൽകിയത്.

ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് നടപടി എന്ന് യോഗത്തിൽ വിലയിരുത്തപ്പെട്ടു. ഇരുവർക്കും എതിരെ ശക്തമായ നടപടി സ്വീകരിച്ച സംസ്ഥാന പ്രസിഡൻ്റിനെ യോഗം അഭിനന്ദിച്ചു. ഇരുവർക്കും എതിരായ നടപടിയിൽ അന്വേഷണം നടത്തുന്നതിനായി ഏകാംഗ അന്വേഷണ കമ്മീഷനെയും സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.

യോഗത്തിൽ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പിഎ ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പിഓജെ ലബ്ബ, ഖജാൻജി പ്രഫസർ കടവനാട് മുഹമ്മദ് സിടി സക്കീർ ഹുസൈൻ, കുഞ്ഞിമൊയ്തീൻ കൊടുങ്ങല്ലൂർ, ഡോ അബൂക്കർ പട്ടാമ്പി, ഐപി സലാഹുദ്ദീൻ, എഎം അൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ദീർഘകാലം എംഇഎസ് മെഡിക്കൽ കോളേജിൽ സൂപ്രണ്ടും ട്രഷററും ആയിരുന്ന സസ്പെൻഷനിലായ സെക്രട്ടറി നടത്തിയ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചയും നടന്നു.