എംഇഎസ് 503 കോടി രൂപയുടെ ബജറ്റ് പാസ്സാക്കി

Update: 2021-04-12 12:47 GMT

പെരിന്തല്‍മണ്ണ: മുസ് ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി (എംഇഎസ്) യുടെ 56ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ വച്ച് നടന്നു. 2021-22 വര്‍ഷത്തേക്ക് 12 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റി വെച്ചുകൊണ്ടുള്ള 503 കോടി രൂപയുടെ വാര്‍ഷിക ബജറ്റ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ അവതരിപ്പിച്ചു. ഡോ. എന്‍ എം മുജീബ് റഹ്മാന്‍, എംെ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി യോഗം അംഗീകരിച്ചു. കൊവിഡ് രോഗ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് ആശുപത്രികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. കൂടാതെ എംഇഎസ് സ്ഥാപനങ്ങള്‍ എഫ്എടിസി സെന്ററാക്കാന്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാനും യോഗം തീരുമാനിച്ചു.

എയ്ഡഡ് കോളജുകളുടെ വികസനത്തിന് വേണ്ടി 71 കോടി രൂപയും എയ്ഡഡ് സ്‌കൂളുകളുടെ വികസനത്തിന് 21 കോടി രൂപയും അണ്‍ എയ്ഡഡ് മേഖലയിലുള്ള കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കുമായി 117 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

യോഗത്തില്‍ ഡോ. പി എ ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. പി എ ജെ ലബ്ബ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാഞ്ചി പ്രഫ. കടവനനാട് മുഹമ്മദ് വരവ്-ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി ടി സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റുമാരായ ഡോ. കെ പി അബൂബക്കര്‍ പട്ടാമ്പി, വി മൊയ്തുട്ടി, എം അലി, സംസ്ഥാന സെക്രട്ടറിമാരായ കെ കെ കുഞ്ഞുമൊയ്തീന്‍, അഡ്വ. എപിഎം നസീര്‍ സംസാരിച്ചു.

Tags: