സ്കൂളിൽനിന്നും മാനസിക പീഡനമെന്ന് പരാതി: പോലിസ് അധ്യാപികയുടെ മൊഴിയെടുത്തു
മെഡിക്കൽ ലീവിൽ പ്രവേശിച്ച വേളയിൽ സ്കൂൾ പ്രിൻസിപ്പൽ അധ്യാപികയ്ക്ക് മെമ്മോ നൽകിയത് വിവാദമാവുകയും വനിതാ കമ്മീഷൻ സംഭവത്തെക്കുറിച്ച് പ്രിൻസിപ്പലിൽ നിന്ന് നേരിട്ട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ക്ലാസിൽ ഇരിക്കാൻ അനുവദിക്കുന്നില്ല എന്നതുൾപ്പെടെ അധ്യാപികമാർ നൽകിയ പരാതിയെക്കുറിച്ച് സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷൻ അംഗം ഇ.എം.രാധ പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം: കൊടുങ്ങാന്നൂർ ഭാരതീയ വിദ്യാഭവനിലെ അധ്യാപികയെ സ്കൂൾ പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിച്ച പരാതിയിൽ വട്ടിയൂർക്കാവ് പോലിസ് അധ്യാപികയുടെ മൊഴിയെടുത്തു. സിറ്റി പോലിസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സ്റ്റേഷൻ ഹൗസ് ഓഫീസർ അധ്യാപികയുടെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
തനിക്ക് നേരിട്ട മാനസിക പീഡനവും അതേതുടർന്ന് അസുഖ ബാധിതയായ വിവരവും സംബന്ധിച്ച് അധ്യാപിക വിശദീകരിച്ചിട്ടുണ്ട്. മെഡിക്കൽ ലീവിൽ പ്രവേശിച്ച വേളയിൽ സ്കൂൾ പ്രിൻസിപ്പൽ അധ്യാപികയ്ക്ക് മെമ്മോ നൽകിയത് വിവാദമാവുകയും വനിതാ കമ്മീഷൻ സംഭവത്തെക്കുറിച്ച് പ്രിൻസിപ്പലിൽ നിന്ന് നേരിട്ട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ക്ലാസിൽ ഇരിക്കാൻ അനുവദിക്കുന്നില്ല എന്നതുൾപ്പെടെ അധ്യാപികമാർ നൽകിയ പരാതിയെക്കുറിച്ച് സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷൻ അംഗം ഇ.എം.രാധ പ്രതികരിച്ചിരുന്നു. ആഗസ്ത് 29നു തിരുവനന്തപുരത്ത് നടന്ന വനിതാ കമ്മിഷന്റെ അദാലത്തിലാണ് പ്രിൻസിപ്പലിനെ വിളിച്ചുവരുത്തിയത്.
സ്കൂൾ പ്രിൻസിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനത്തേയും അവഹേളനത്തേയും കുറിച്ച് സ്കൂളിലെ ചെയർമാനോടും സെക്രട്ടറിയോടും പലവട്ടം പരാതിപ്പെട്ടിട്ടും അവർ അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്ന് മൊഴിയിൽ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ ഡോക്ടറിൽ നിന്ന് ചികിത്സ തേടിയതിന്റെ മെഡിക്കൽ രേഖകളും പോലിസിന് നൽകിയിട്ടുണ്ട്. പ്രിൻസിപ്പലിന്റെ മൊഴി പോലിസ് ഉടൻ രേഖപ്പെടുത്തും.