മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ക്രമക്കേട്: മുന്‍ഭരണസമിതിയ്ക്ക് ആറ് കോടി പിഴ ചുമത്തി

മുന്‍ എംപിയും ഭരണസമിതി പ്രസിഡന്റുമായ ജോയി എബ്രാഹം അടക്കമുള്ള 16 അംഗ ഭരണസമിതിയാണ് പിഴ അടയ്‌ക്കേണ്ടത്. അതേസമയം, പിഴയുടെ പത്തിരട്ടിയാണ് നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കാനുള്ളത്. സൊസൈറ്റിയില്‍ കോടികളുടെ ക്രമക്കേട് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

Update: 2019-06-26 10:25 GMT

കോട്ടയം: കോടികളുടെ ക്രമക്കേട് കണ്ടെത്തിയ പാലാ മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് ആന്റ് പ്രൊസസിങ് സഹകരണസംഘം സൊസൈറ്റിയിലെ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് സംസ്ഥാന സഹകരണവകുപ്പ് ആറുകോടി രൂപ പിഴ ചുമത്തി. മുന്‍ എംപിയും ഭരണസമിതി പ്രസിഡന്റുമായ ജോയി എബ്രാഹം അടക്കമുള്ള 16 അംഗ ഭരണസമിതിയാണ് പിഴ അടയ്‌ക്കേണ്ടത്. അതേസമയം, പിഴയുടെ പത്തിരട്ടിയാണ് നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കാനുള്ളത്. സൊസൈറ്റിയില്‍ കോടികളുടെ ക്രമക്കേട് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ വിവിധ അന്വേഷണങ്ങളിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. സംഘത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ച് കെട്ടിടനിര്‍മാണം, സൂപ്പര്‍മാര്‍ക്കറ്റ്, വാഹനം വാങ്ങല്‍ എന്നിവയ്ക്ക് ഫണ്ട് വിനിയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഫാക്ടറി, സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ലാഭക്ഷമത വിലയിരുത്താതെ നിക്ഷേപമായി വാങ്ങിയ തുക പ്രവര്‍ത്തനഫണ്ടായി ഉപയോഗിച്ചു. ഇതോടെ പണം തിരികെക്കൊടുക്കാനാവാതെവരികയും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് മാറുകയും ചെയ്തു. ഇതിന്റെ പൂര്‍ണ ഉത്തരവാദി ഭരണസമിതിയാണ്. സംഘത്തിന്റെ ഫണ്ടുകള്‍ ലാഘവത്തോടെയും നിക്ഷേപം വകമാറ്റിയും ചെലവഴിച്ചു. സ്‌റ്റോക്കിലുണ്ടാവുന്ന കുറവ് ഈടാക്കാന്‍ ശ്രമിക്കാതിരുന്നത് ഭരണസമിതിയുടെ വീഴ്ചയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഘം അംഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കും കര്‍ഷകര്‍ക്കുമായി 60 കോടിയില്‍പരം രൂപയാണ് ഇനിയും തിരികെ ലഭിക്കാനുള്ളത്.

ക്രമക്കേട് കണ്ടെത്തിയതോടെ സംസ്ഥാന സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ജോയി എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. വന്‍ലാഭത്തിലായിരുന്ന സൊസൈറ്റിയുടെ രണ്ട് വന്‍കിട ഫാക്ടറികള്‍ അഞ്ചുവര്‍ഷം മുമ്പാണ് അടച്ചുപൂട്ടിയത്. കോടികളുടെ ഉപകരണങ്ങളും വാഹനങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്. ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷമായി ശമ്പളവും ആനുകൂല്യങ്ങളുമില്ല. ലക്ഷങ്ങളുടെ വസ്തുവകകള്‍ മോഷണം പോവുകയും ചെയ്തു. സൊസൈറ്റില്‍ പണം നിക്ഷേപിച്ചവരും ലഭിക്കാനുള്ളവരും വര്‍ഷങ്ങളായി പ്രക്ഷോഭരംഗത്താണ്.  

Tags:    

Similar News