പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; ഇന്ന് 12 മണിക്കൂര്‍ സൂചനാ പണിമുടക്ക്

Update: 2021-08-02 01:05 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സ്‌റ്റെപ്പെന്‍ഡ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരവുമായി മുന്നോട്ടുപോവുമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടനയായ മെഡിക്കല്‍ പിജി അസോസിയേഷനും അറിയിച്ചു. ഇന്ന് 12 മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് സൂചനാ പണിമുടക്കും അതിനുശേഷം അനിശ്ചിതകാല സമരവുമാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് ചികില്‍സ, അത്യാഹിത ചികില്‍സാ വിഭാഗങ്ങള്‍ എന്നിവയെ ഇന്നത്തെ സമരത്തില്‍നിന്ന് ഒഴിവാക്കി. കൊവിഡ് ചികില്‍സ മറ്റു ആശുപത്രികളിലേക്കുകൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്‌റ്റെപ്പെന്‍ഡ് വര്‍ധന നടപ്പാക്കുക, റിസ്‌ക് അലവന്‍സ് അനുവദിക്കുക എന്നിവയാണ് പിജി ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. കഴിഞ്ഞ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കൊവിഡ് മഹാമാരിക്കെതിരേ മുന്നില്‍നിന്ന് പോരാടുന്നത് കേരളത്തിലെ മെഡിക്കല്‍ പിജി വിദ്യാര്‍ഥികളാണ്.

പ്രശ്‌നങ്ങള്‍ പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഇതുവരെ യാതൊരു നടപടികളുമുണ്ടായിട്ടില്ല. പഠനം പോലും മാറ്റിവച്ച് കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കായി ദിനരാത്രം പണിയെടുക്കുന്ന തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മാത്രമാണ് ഇങ്ങനെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ പരിഹണിക്കാത്തിനാലാണ് പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുന്നതെന്നും പിജി ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.

Tags:    

Similar News