സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കുന്നു'; ലീഗ് ബാബരി മസ്ജിദ് തകര്‍ത്ത കോണ്‍ഗ്രസിനൊപ്പം നിന്നു: മുഖ്യമന്ത്രി

Update: 2024-11-17 06:46 GMT

തിരുവനന്തപുരം: ബിജെപി വിട്ട സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സന്ദീപ് വാര്യര്‍ പാണക്കാട് പോയി എന്ന വാര്‍ത്ത കണ്ടു. ലീഗ് അണികള്‍ ഇന്നലെ വരെ സന്ദീപ് സ്വീകരിച്ച നിലപാട് അറിയുന്നവരാണ്. ബാബരി മസ്ജിദ് തകര്‍ത്ത ശേഷമുള്ള ഒറ്റപ്പാലം തിരഞ്ഞെടുപ്പ് ആണ് ഓര്‍മവന്നത്. ലീഗ് ബാബരി മസ്ജിദ് തകര്‍ത്ത കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ബാബരി മസ്ജിദ് തകര്‍ത്തത് ആര്‍എസ്എസ് നേതൃത്വത്തില്‍ ഉള്ള സംഘപരിവാര്‍ ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ ഒത്താശയും ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ള കേന്ദ്ര ഗവണ്‍മെന്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്ദീപ് ഇന്നലെ വരെ എന്തു നിലപാട് സ്വീകരിച്ചുവെന്ന് ജനത്തിനറിയാം. നാടിനെ മറ്റൊരു വഴിക്ക് തിരിച്ചു വിടാനുള്ള ശ്രമം നടത്തിയ, ആകാവുന്നതെല്ലാം ചെയ്ത ഒരാളെ പ്രത്യേക ദിവസം മഹാത്മാവായി ചിത്രീകരിക്കാൻ വലതു ക്യാംപ് ഒരുമ്പെടുന്നത് പറ്റിയ ജാള്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവും ഇതിന്റെ ഭാഗമായി-മുഖ്യമന്ത്രി പറഞ്ഞു.







Tags: