എംബിബിഎസ് കോഴ: സിഎസ്‌ഐ ബിഷപ്പടക്കം മൂന്നുപേര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് രാജേന്ദ്രബാബു കമ്മീഷന്‍
കാരക്കോണം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്, എംഡി സീറ്റുകള്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രവേശനം നല്‍കാതെ വഞ്ചിച്ചെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് നടപടി. സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലം, കോളജ് മുന്‍ ഡയറക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി തങ്കരാജ് എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാനാണ് ശുപാര്‍ശ.
തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ സിഎസ്‌ഐ ബിഷപ്പടക്കം മൂന്നുപേര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കാരക്കോണം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്, എംഡി സീറ്റുകള്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രവേശനം നല്‍കാതെ വഞ്ചിച്ചെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് നടപടി. സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലം, കോളജ് മുന്‍ ഡയറക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി തങ്കരാജ് എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാനാണ് ശുപാര്‍ശ.
വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങിയ തുക തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. 24 പേരാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനെ പരാതിയുമായി സമീപിച്ചത്. 10 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ കൈപ്പറ്റിയെന്നായിരുന്നു പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്‍മേലാണ് പണം നല്‍കിയതെന്നും പരാതിക്കാര്‍ പറഞ്ഞിരുന്നു. ഈ തുക തിരിച്ചുവാങ്ങിത്തരണമെന്നായിരുന്നു ആവശ്യം.
2016 മുതല്‍ മുന്‍കൂറായി സീറ്റിന് പണം വാങ്ങുന്നുണ്ടെന്നും ഇത് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായി തെളിവെടുപ്പില്‍ നേരത്തെ ബിഷപ്പ് അടക്കമുള്ളവര്‍ സമ്മതിക്കുകയും ചെയ്തു. പരാതിക്കാര്‍ക്ക് 12 തവണകളായി തുക മടക്കി നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. കാരക്കോണം മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയ തലവരിപ്പണത്തെച്ചൊല്ലി സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയില്‍ ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്നാണ് കോഴവിവാദം പുറത്തറിയുന്നത്.
