തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാന്‍ ശുപാര്‍ശ. അധ്യാപകന്‍ എ.പ്രമോദിനെ പിരിച്ചുവിടാന്‍ സെനറ്റ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മലിന് കൈമാറി. മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകന് നല്‍കിയ എംബിഎ പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്.
പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റര്‍ 'പ്രോജക്ട് ഫിനാന്‍സ്' വിഷയത്തിന്റെ ഉത്തരക്കടലാസ് ആണ് നഷ്ടമായത്. അഞ്ച് കോളജുകളിലെ 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കല്‍നിന്ന് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ഉത്തരക്കടലാസുകള്‍ യാത്രയ്ക്കിടെ ബൈക്കില്‍നിന്ന് വീണുപോയെന്നാണ് അധ്യാപകന്റെ വിശദീകരണം.
ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തില്‍ നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂര്‍ത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാര്‍ത്ഥികളില്‍ 65 പേരും പരീക്ഷയ്‌ക്കെത്തി. 20222024 എംബിഎ ഫിനാന്‍സ് ബാച്ചിലെ പ്രൊജക്ട് ഫിനാന്‍സ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ. മൂല്യനിര്‍ണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും. ഇന്ന് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ക്ക് 22ആം തീയതി വീണ്ടും പരീക്ഷ നടത്തും.