തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും പങ്കാളിയും എംഎല്‍എയുമായ സച്ചിന്‍ ദേവും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായി റോഡില്‍ നടത്തിയ തര്‍ക്കവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോലിസ്. എംഎല്‍എ സച്ചിന്‍ ദേവ് ബസില്‍ കയറിയെന്നാണ് സാക്ഷി മൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നല്‍കിയത്. വാഹനം പോലിസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്. എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വീസ് തടസപ്പെട്ടതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോഴാണ് എംഎല്‍എ ബസില്‍ കയറിയതും രേഖപ്പടുത്തിയത്. ഈ രേഖ കെഎസ്ആര്‍ടിസിയില്‍ നിന്നും പോലിസ് ശേഖരിച്ചു.
അതേ സമയം, മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തിലെ സംഭവങ്ങള്‍ പോലിസ് പുനരാവിഷ്‌കരിച്ചു. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പോലിസ് നടപടി.
പട്ടം പ്ലാമൂട് മുതല്‍ പി എം ജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പോലിസ് അറിയിച്ചു. ഡ്രൈവര്‍ മോശമായി ആഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പോലിസ് കണ്ടെത്തല്‍.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്‌ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴി നല്‍കാനായി മ്യൂസിയം പോലിസ് മേയര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോണ്‍മെന്റ് പോലിസ് അന്വേഷിച്ച കേസ് നിലവില്‍ മ്യൂസിയം പോലിസാണ് അന്വേഷിക്കുന്നത്.
