വനംവകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും; റീ പോസ്റ്റ്‌മോര്‍ട്ടം വെള്ളിയാഴ്ച
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിച്ച ടേബിളില്‍ മൂന്നംഗ ഫോറന്‍സിക്ക് ഡോക്ടര്‍മാരുടെ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കാമറയില്‍ ചിത്രീകരിക്കും.
പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. മൃതദേഹവുമായി ഒരുമാസം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ കുടുംബം തീരുമാനിച്ചത്. കേസ് അന്വേഷിക്കുന്ന സിബിഐയുടെ ആവശ്യ പ്രകാരം വെള്ളിയാഴ്ച വീണ്ടും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിച്ച ടേബിളില്‍ മൂന്നംഗ ഫോറന്‍സിക്ക് ഡോക്ടര്‍മാരുടെ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
ആരോപണവിധേയരായ വനപാലകരെ അറസ്റ്റുചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നിലാപാടെടുത്ത കുടുംബം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് വഴങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള ഡോക്ടര്‍മാരെ നിര്‍ദേശിച്ചതും സിബിഐയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കാമറയില്‍ ചിത്രീകരിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. മത്തായിയുടെ ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രകാരം മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല.
എന്നാല്‍, ഇത് അംഗീകരിക്കില്ലെന്നും, ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന മത്തായി മരിച്ചതെങ്ങനെയെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. മുമ്പ് കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചോ ഇപ്പോള്‍ എഫ്ഐആര്‍ സമര്‍പ്പിച്ച സിബിഐയോ കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. ജൂലൈ 28നാണ് കുടപ്പന പടിഞ്ഞാറെചരുവില്‍ പി പി മത്തായിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തിയത്.
വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഭര്‍ത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. മൃതദേഹം റാന്നിയിലെ സ്വകാര്യാശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
