മറിയം ത്രേസ്യയെ ഒക്ടോബര്‍ 13ന് വിശുദ്ധയായി പ്രഖ്യാപിക്കും

ഇന്നലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോമില്‍ വിളിച്ചുകൂട്ടിയ ഓര്‍ഡിനറി പബ്ലിക് കണ്‍സിസ്റ്ററി ഓഫ് കാര്‍ഡിനല്‍സിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്

Update: 2019-07-01 15:27 GMT

തൃശൂര്‍: ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒക്ടോബര്‍ 13ന് വത്തിക്കാനില്‍ വച്ച് വിശുദ്ധയായി നാമകരണം ചെയ്യും. ഇന്നലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോമില്‍ വിളിച്ചുകൂട്ടിയ ഓര്‍ഡിനറി പബ്ലിക് കണ്‍സിസ്റ്ററി ഓഫ് കാര്‍ഡിനല്‍സിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. റോമില്‍ നടന്ന ചടങ്ങില്‍ മറിയം ത്രേസ്യയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ. ഡോ. ബെനഡിക്റ്റ് വടക്കേക്കര ഒഎഫ്എം പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍(ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനിറ്റി(ഇറ്റലി), സിസ്റ്റര്‍ ഡ്യൂള്‍സ് ലോപ്പസ് പോന്തസ്(ബ്രസീല്‍), സിസ്റ്റര്‍ മാര്‍ഗരറ്റ് ബേയ്‌സ്(സ്വിറ്റ്‌സര്‍ലന്റ്) എന്നിവരെയും അന്ന് വിശുദ്ധ പദവിയിലേക്കുയര്‍ത്തും. തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറയില്‍ ചിറമേല്‍ മങ്കിടിയാന്‍ തോമ-താണ്ട ദമ്പതികളുടെ മകളായി 1876 ഏപ്രില്‍ 26 നാണ് മറിയം ത്രേസ്യയുടെ ജനനം. 1914 മെയ് 14നു പുത്തന്‍ചിറയില്‍ ഹോളി ഫാമിലി സന്യാസി സമൂഹം സ്ഥാപിച്ചു. 1926 ജൂണ്‍ എട്ടിന് 50ാം വയസ്സില്‍ അന്തരിച്ച മദര്‍ മറിയം ത്രേസ്യയെ 1999 ജൂണ്‍ 28നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ധന്യ പദവിയിലേക്കും 2000 ഏപ്രില്‍ ഒമ്പതിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുമുയര്‍ത്തി.

Tags:    

Similar News