മറയൂരില്‍ നിന്ന് കടത്തിയ ഒരുകോടിയുടെ ചന്ദനം കണ്ടെത്തി

ഒരു കോടി രൂപ വിലമതിക്കുന്ന 720 കിലോ ചന്ദനമാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറിയില്‍ കണ്ടെടുത്തത്. 300 കിലോഗ്രാം ചന്ദനപ്പൊടിയും 400 കിലോ ചന്ദനമരത്തിന്റെ കഷണങ്ങളും 20 കിലോ തടിയുമാണ് ഇവിടെനിന്നു കിട്ടിയത്. ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല.

Update: 2019-06-18 01:20 GMT

മറയൂര്‍: മറയൂര്‍ ചന്ദനക്കാടുകളില്‍നിന്നു മുറിച്ചുകടത്തിയ ചന്ദനം ആന്ധ്രപ്രദേശ് തമിഴ്‌നാട് അതിര്‍ത്തിയിലെ ബൊമ്മ സമുദ്രത്തിലെ ചിറ്റൂരിലുള്ള ചന്ദന ഫാക്ടറിയില്‍നിന്നു മറയൂര്‍ വനപാലകര്‍ കണ്ടെത്തി.

ഒരു കോടി രൂപ വിലമതിക്കുന്ന 720 കിലോ ചന്ദനമാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറിയില്‍ കണ്ടെടുത്തത്. 300 കിലോഗ്രാം ചന്ദനപ്പൊടിയും 400 കിലോ ചന്ദനമരത്തിന്റെ കഷണങ്ങളും 20 കിലോ തടിയുമാണ് ഇവിടെനിന്നു കിട്ടിയത്. ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണു കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയില്‍ വനപാലകര്‍ പരിശോധന നടത്തിയത്. എന്നാല്‍, ചന്ദനം കേരളത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമം ആന്ധ്രപ്രദേശ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവും പരിശോധനയ്ക്കുള്ള കോടതിയുടെ അനുമതിയും കൈമാറിയെങ്കിലും സ്ഥലത്തെത്തിയ ചിറ്റൂര്‍ ഡിഎഫ്ഒ ജഗനാഥ് സിംഗ്, റേഞ്ച് ഓഫീസര്‍ അടങ്ങുന്ന സംഘം മറയൂരില്‍നിന്നുള്ള ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.

2019 ജൂണ്‍ 12ന് രജിസ്റ്റര്‍ ചെയ്ത ചന്ദനക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം പൂക്കോട്ടുര്‍ പുല്ലാര സ്വദേശി ഷൊഹൈബാ(കുഞ്ഞാപ്പു) ണ് ഫാക്ടറിയെക്കുറിച്ചു വിവരം നല്‍കിയത്. ഇയാളുമായാണ് ഉദ്യോഗസ്ഥര്‍ ഫാക്ടറിയിലെത്തിയത്. ഷൊഹൈബ് പിടിയിലായതറിഞ്ഞു ഫാക്ടറിയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം ചന്ദനവും മാറ്റിയതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

മറയൂരില്‍നിന്നു ഷൊഹൈബ് കടത്തുന്ന ചന്ദനം കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെയാണ് എത്തിച്ചിരുന്നത്. ദേവികുളം ജയിലില്‍ റിമാന്‍ഡിലായിരുന്ന ഷൊഹൈബിനെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലില്‍ ഫാക്ടറിയെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചു. മുഖ്യവനപാലകനെ വിവരമറിയിച്ചു പ്രത്യേക ദൂതന്‍ വഴി രഹസ്യ റിപ്പോര്‍ട്ടും നല്‍കി. മുഖ്യ വനപാലകന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്രബാബു, മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ ഡിഎഫ്ഒ ബി. രഞ്ജിത്, മറയൂര്‍ റേഞ്ച് ഓഫീസര്‍ ജോബ്.ജെ. നേര്യംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ മറയൂരില്‍നിന്നും 25 പേരടങ്ങുന്ന സംഘം ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ടു. ഇന്നലെ പുലര്‍ച്ചയോടെ ഫാക്ടറിയിലെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. ആന്ധ്രപ്രദേശ് ചിറ്റൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ 10 വനപാലകരും 10 പോലിസുകാരും കേരള സംഘത്തെ സഹായിക്കാന്‍ എത്തിയിരുന്നു. ചന്ദന ഫാക്ടറിയും ഗോഡൗണും സീല്‍ ചെയ്തു.

പരിശോധന പൂര്‍ത്തീകരിച്ചു തൊണ്ടി മുതലായി കണ്ടെത്തിയ 720 കിലോ ഗ്രാം ചന്ദനവുമായി മറയൂരിലെ വനപാലക സംഘം മടങ്ങുമ്പോഴാണ് ആന്ധ്ര ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്ര ബാബു, ആന്ധ്ര വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണ്.

Tags:    

Similar News