മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇന്ന് പൊളിക്കും; രാവിലെ എട്ടുമണി മുതല്‍ നിരോധനാജ്ഞ

സ്‌ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആകെ നാലുതവണ സൈറണ്‍ മുഴങ്ങും. ആദ്യത്തേത് സ്‌ഫോടനത്തിന് അരമണിക്കൂര്‍ മുമ്പാണ് പുറപ്പെടുവിക്കുക.

Update: 2020-01-11 01:23 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇന്ന് പൊളിക്കും. രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫഌറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഫഌറ്റ് സമുച്ചയമായ ആല്‍ഫ സറീനും പൊളിക്കും. രാവിലെ 10.30ന് ആദ്യസൈറണ്‍ മുഴങ്ങും. രാവിലെ എട്ടുമുതല്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആകെ നാലുതവണ സൈറണ്‍ മുഴങ്ങും. ആദ്യത്തേത് സ്‌ഫോടനത്തിന് അരമണിക്കൂര്‍ മുമ്പാണ് പുറപ്പെടുവിക്കുക. ഹോളിഫെയ്ത്തിന്റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളില്‍ ഈ സമയം ഗതാഗതം നിയന്ത്രിക്കും.

കുണ്ടന്നൂര്‍- തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങും. 10.59 നീണ്ട സൈറണ്‍. 11 മണിക്ക് ഫ്‌ളാറ്റ് സമുച്ചയം തകര്‍ക്കും. സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുമ്പോാഴേക്കും ഫ്‌ളാറ്റില്‍ സ്‌ഫോടനം നടക്കും. സ്‌ഫോടനം അവസാനിക്കും വരെ സൈറണ്‍ നീണ്ടുനില്‍ക്കും. പരമാവധി 10 സെക്കന്റിനുള്ളില്‍ ഫ്‌ളാറ്റ് നിലംപതിക്കും. വിദഗ്ധസംഘമെത്തി സുരക്ഷിതമെന്ന് വ്യക്തമാവുന്നതോടെ ഒരു സൈറണ്‍കൂടി മുഴക്കും. തുടര്‍ന്ന് ആല്‍ഫാ സെറീന്റെ ഇരട്ടടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം ഉള്‍പ്പടെ എല്ലാം സാധാരണ നിലയിലേക്കാവുമെന്നാണ് പ്രതീക്ഷ. ഫഌറ്റ് പൊളിക്കലിന് മുന്നോടിയായി ഇന്നലെ ട്രയല്‍ റണ്‍ നടത്തിയിരുന്നു.  

Tags:    

Similar News