മണ്‍സൂണ്‍ മഴക്കാല മൂന്നൊരുക്കം: ഉന്നതതലയോഗം ചേര്‍ന്നു

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍, ദേശീയ ദുരന്ത പ്രതികരണ സേന, വ്യോമ സേന, കരസേന, നേവി, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ 12 രക്ഷാ സേന പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാരിന്റെ 29 വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Update: 2019-05-12 09:58 GMT

 തിരുവനന്തപുരം: മണ്‍സൂണ്‍ (ഇടവപ്പാതി-തുലാവര്‍ഷം) മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയുള്ള ഉന്നതതല യോഗം സംസ്ഥാന റിലീഫ് കമ്മിഷണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍, ദേശീയ ദുരന്ത പ്രതികരണ സേന, വ്യോമ സേന, കരസേന, നേവി, കോസ്റ്റ് ഗാര്‍ഡ്, പോലിസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ 12 രക്ഷാ സേന പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാരിന്റെ 29 വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാന റിലീഫ് കമ്മീഷണറായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു അദ്ധ്യക്ഷനായ യോഗത്തില്‍ കാലാവസ്ഥാ കേന്ദ്രം തിരുവനന്തപുരം ഡയറക്ടര്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥ വിശകലനവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ എല്‍ കുര്യാക്കോസ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തയ്യാറെടുപ്പ് സംബന്ധിച്ചും വിശദീകരിച്ചു. വിവിധ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ 'കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ രേഖ' എന്ന കൈപുസ്തകത്തിന്റെ കരടിന്‍മേല്‍ യോഗത്തില്‍ ചര്‍ച്ച നടന്നു. 8 അദ്ധ്യായങ്ങളുള്ള കൈപുസ്തകം മുന്‍ അനുഭവങ്ങളുടെയും പഠനങ്ങളുടെയും വെളിച്ചത്തില്‍ തയ്യാറാക്കപ്പെട്ട മാര്‍ഗ്ഗ നിര്‍ദേശ രൂപരേഖയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും മറ്റ് സ്വകാര്യ കാലാവസ്ഥ സംരംഭങ്ങളുടേയും 2019 ലെ മണ്‍സൂണ്‍ പ്രവചനത്തിന്റെ വിശകലനത്തോടെ ആരംഭിക്കുന്ന കൈപ്പുസ്തകം, വിവിധ കാലാവസ്ഥ മുന്നറിയിപ്പുകളും അവ മനസ്സിലാക്കേണ്ട രീതികളും കൈക്കൊള്ളേണ്ട നടപടികളും വിശദീകരിക്കുന്നു.

അംഗീകൃത ദുരന്തങ്ങളേയും മഴക്കാലത്ത് സംസ്ഥാനത്ത് സാധ്യതയുള്ള ദുരന്തങ്ങളെയും പരിചയപ്പെടുത്തുന്ന കൈപ്പുസ്തകം സംസ്ഥാന അടിയന്തര ഘട്ട കാര്യനിര്‍വഹണ കേന്ദ്രം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഡിഇഒസികള്‍, കേന്ദ്ര ഏജന്‍സികള്‍, രക്ഷാ സേനകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ ദുരന്തങ്ങള്‍ക്ക് മുന്നേയും ദുരന്ത സമയത്തും സ്വീകരിക്കേണ്ട നടപടികള്‍ കൃത്യമായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൈപ്പുസ്തകം മെയ് അവസാനവാരത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Tags:    

Similar News