മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് ആവര്‍ത്തിച്ച് സിപിഐ; അന്വേഷണ റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
മാവോവാദികളുടെ കൊലപാതകത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നാണ് റിപോര്‍ട്ടിലെ ആവശ്യം. മുഖ്യമന്ത്രിയുടെയും പോലിസിന്റെയും വാദങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് റിപോര്‍ട്ട്. പോലിസ് ഏകപക്ഷീയമായാണ് വെടിവച്ചത്.
തിരുവനന്തപുരം: പാലക്കാട് മഞ്ചക്കണ്ടിയില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം പോലിസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍തന്നെയെന്ന് ആവര്‍ത്തിക്കുന്ന സിപിഐ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്നു. മഞ്ചക്കണ്ടിയില്‍ നടന്നത് ഏറ്റുമുട്ടലാണെന്നും മാവോവാദികള്‍ ആട്ടിന്‍കുട്ടികളല്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടെയാണ് സിപിഐ വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നേരിട്ട് കൈമാറി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് തിങ്കളാഴ്ചയാണ് കാനത്തിന് കൈമാറിയിരുന്നത്.
മാവോവാദികളുടെ കൊലപാതകത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നാണ് റിപോര്‍ട്ടിലെ ആവശ്യം. മുഖ്യമന്ത്രിയുടെയും പോലിസിന്റെയും വാദങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് റിപോര്‍ട്ട്. പോലിസ് ഏകപക്ഷീയമായാണ് വെടിവച്ചത്. മാവോവാദികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയോ അതിന് ശേഷമോ ആണ് പോലിസ് വെടിവച്ചതെന്നാണ് സ്ഥലവാസികള്‍ അറിയിച്ചത്. ഏറ്റുമുട്ടല്‍ പോലിസിന്റെ സൃഷ്ടിയാണെന്നും പോലിസ് ഏകപക്ഷീയമായാണ് വെടിവച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് വിവരം. സംഭവസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും പോലിസ് പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ആരോപിച്ചിരുന്നു. അവിടെ കാണുന്ന ഷെഡ്ഡ് മൂന്നോ നാലോ ദിവസത്തിന് മുമ്പ് പോലിസ് നിര്‍മിച്ചതാണ്.
മാവോവാദികള്‍ ഉപയോഗിച്ചുവരുന്ന ഷെഡ്ഡാണിതെന്നാണ് പോലിസ് പറഞ്ഞത്. വെടിവയ്പ്പ് നടക്കുന്ന സമയത്ത് എല്ലാവരും കമിഴ്ന്നുകിടക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്ത് ആരാണ് നിന്ന് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമാക്കണം. മണിവാസകത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട മണിവാസകത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. ഒരുദിവസം മുഴുവന്‍ ഇയാളെ ക്രൂരമായി ഉപദ്രവിച്ചശേഷം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. ദേഹപരിശോധന നടത്തി ആദിവാസി സ്ത്രീകളെ തണ്ടര്‍ബോള്‍ട്ട് അപമാനിക്കുകയാണെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടിയിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎല്‍എമാരായ ഇ കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയത്.

