കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടിവെയ്ക്കാന്‍ നീക്കം

Update: 2025-05-21 13:25 GMT

മലപ്പുറം: കാളികാവില്‍ കഴിഞ്ഞ ഏഴ് ദിവസമായി കാണാമറയത്തായിരുന്ന നരഭോജി കടുവയെ കരുവാരകുണ്ട് കേരള എസ്റ്റേറ്റിനു സമീപമുള്ള മദാരി എസ്റ്റേറ്റിലെ എസ് വളവിലുള്ളതായി കണ്ടെത്തി. നിലവില്‍ സ്ഥലത്ത് വനപാലക സംഘം 4 ടീമുകളായി തിരിഞ്ഞാണ് നിരീക്ഷണം നടത്തുന്നത്. കടുവയെ കണ്ടാലുടന്‍ മയക്കുവെടിവെയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി ദൗത്യസംഘം പുറപ്പെട്ടു. കടുവയുടെ കാല്‍പാടുകള്‍ കണ്ട സ്ഥലങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടാണ് പരിശോധന നടത്തുന്നത്.

കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട മഞ്ഞള്‍പാറ, കേരള എസ്റ്റേറ്റ്, സിടി എസ്റ്റേറ്റ് എന്നീ മേഖലകളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനായി വനം വകുപ്പ് പദ്ധതിയിട്ടിരുന്നു. കടുവയെ കാണുന്ന പ്രദേശത്ത് തിരച്ചില്‍ നടത്താന്‍ രണ്ടു കുങ്കിയാനകളെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. നിലവില്‍ മൂന്ന് കൂടുകളാണ് കടുവയെ പിടികൂടാനായി പ്രദേശത്ത് സ്ഥാപിച്ചത്. രണ്ട് കൂടുകള്‍ക്ക് പുറമെ പ്രദേശത്ത് പുതുതായി ഒരു കൂട് കൂടി വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. 50 ക്യാമറ ട്രാപ്പുകളും അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകളും നിരീക്ഷണത്തിനായി ഉണ്ട്. കാളികാവ് അടയ്ക്കാക്കുണ്ട് പാറശ്ശേരി റബ്ബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തുന്നതിനിടെ കല്ലാമൂല സ്വദേശി ഗഫൂറിനെ നരഭോജി കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.