മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ സിലബസില്‍ ഉള്‍പ്പെടുത്തി

Update: 2025-07-01 09:53 GMT

കൊച്ചി: മഹാരാജാസ് കോളജിന്റെ സിലബസില്‍ ഇടംപിടിച്ച് സിനിമ നടന്‍ മമ്മൂട്ടി. രണ്ടാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥികളുടെ മലയാളസിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാകുക. പൂര്‍വ്വ വിദ്യാര്‍ഥിയായ ദാക്ഷായണി വേലായുധന്റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെ ജീവചരിത്രവും മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളുമാണ് സിലബസില്‍ ഉള്ളത്. സെന്‍സിങ്ങ് സെല്ലുലോയിഡ് മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ മമ്മൂട്ടിയെക്കുറിച്ചുള്ള ഭാഗം. കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ഭരണഘടന നിര്‍മാണ സഭയിലെ വനിത അംഗവും പൂര്‍വ്വ വിദ്യാര്‍ഥിയുമായ ദാക്ഷായണി വേലായുധനെക്കുറിച്ചുള്ള ഭാഗം.

ചലച്ചിത്ര താരങ്ങളായ സത്യന്‍, പ്രേംനസീര്‍, മധു, മോഹന്‍ലാല്‍, ജയന്‍, ഷീല, ശാരദ തുടങ്ങിയവരും അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മരാജന്‍ ഉള്‍പ്പടെയുള്ള സംവിധായകരും സെന്‍സിങ്ങ് സെല്ലുലോയിഡ് മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറില്‍ ഉള്‍പ്പെടുന്നുണ്ട്.





Tags: