മാളിക്കടവിലെ കൊലപാതകം: പ്രതിക്കായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കി പോലിസ്
കോഴിക്കോട്: കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ പ്രതിക്കായി പോലിസ് കസ്റ്റഡി അപേക്ഷ നല്‍കി. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയത്. കൊലപാതകം നടന്ന മാളിക്കടവിലെ വൈശാഖന്റെ സ്ഥാപനത്തില്‍ ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
പതിനാറ് വയസ്സു മുതല്‍ പ്രതി യുവതിയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. വിവാഹം കഴിച്ചില്ലെങ്കില്‍ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം.