സുഹൃത്തിന്റെ മരുന്ന് കൈവശം വച്ചതിന്റെ പേരില്‍ പിടിയിലായി; നാലര മാസത്തിന് ശേഷം മോചിതനായി മലയാളി ഉംറ തീര്‍ത്ഥാടകന്‍
മക്ക: സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്ക് വന്നപ്പോള്‍ സുഹൃത്തിനുള്ള മരുന്ന് കൈവശം വച്ചതിന്റെ പേരില്‍ പിടിയിലായ മലയാളി നാല് മാസ ജയില്‍വാസത്തിനും എട്ട് മാസത്തെ നിയമക്കുരുക്കിനും ശേഷം നാട്ടിലേക്ക് തിരിച്ചു പോയി. മലപ്പുറം അരീക്കോട് സ്വദേശി മുസ്തഫ പാമ്പൊടനാണ് തന്റെ അശ്രദ്ധ കൊണ്ട് ഇത്രയും അനുഭവിക്കേണ്ടിവന്നത്. ഭാര്യയും രണ്ട് മക്കളുമൊന്നിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ 24 നാണ് ഇദ്ദേഹം ഉംറക്കായി കോഴിക്കോട് നിന്ന് യാത്രതിരിച്ചത്.
ജിദ്ദയില്‍ വിമാനം ഇറങ്ങിയപ്പോള്‍ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുകയായിരുന്നു. അളവില്‍ കൂടുതല്‍ മരുന്നുകള്‍ ഇവരുടെ കൈവശം കണ്ടെത്തിയ കസ്റ്റംസ് അധികൃതര്‍ ഇവരെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറി. അറബി ഭാഷാ പ്രശ്‌നം ഉണ്ടായതിനാല്‍ തങ്ങളുടെ കുറ്റം എന്തെന്ന് മുസ്തഫക്ക് മനസിലായില്ല. മക്കയിലെ ഷറായ ജയിലിലേക്ക് മാറ്റിയവ ഇവരെ പിന്നീട് മലയാളി പരിഭാഷകന്റെ സഹായത്തോടെ അധികൃതര്‍ നടത്തിയ നീണ്ട ചോദ്യം ചെയ്യലിലാണ് തങ്ങള്‍ കൊണ്ടുവന്ന മരുന്ന് സുഹൃത്തിനുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതിനിടെ മരുന്ന് ഏല്‍പ്പിക്കേണ്ട സുഹൃത്തിനെയും പോലിസ് പിടികൂടിയിരുന്നു. കുറ്റം കണ്ടെത്തിയതോടെ 15 ദിവസത്തിന് ശേഷം മുസ്തഫയെയും മരുന്ന് സ്വീകരിക്കേണ്ട സുഹൃത്തിനെയും ശുമൈസിയിലെ പ്രധാന ജയിലിലെ മയക്കുമരുന്ന് വിഭാഗം സെല്ലിലേക്ക് മാറ്റി.
നാട്ടുകാരനും മക്കയിലെ ബിസിനസുകാരനുമായ സുബൈറിന്റെ ഇടപെടലില്‍ ഭാര്യയെയും മക്കളെയും മക്ക ഷറായ ജയിലിലെ രണ്ട് ദിവസത്തെ വാസത്തിന് ശേഷം അധികൃതര്‍ വിട്ടയച്ചു. ഇവരെ പിന്നീട് നാട്ടിലയച്ചിരുന്നു. നാലരമാസത്തെ ജയില്‍ വാസത്തോടൊപ്പം നടന്ന നിയമനടപടികള്‍ക്ക് ശേഷമാണ് മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്.
അയല്‍വാസിയായ സുഹൃത്ത് മക്കയിലെ അദ്ദേഹത്തിന്റെ സുഹൃത്തിനെ ഏല്‍പ്പിക്കാന്‍ നല്‍കിയതായിരുന്നു മരുന്ന്. പ്രമേഹരോഗികള്‍ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദന സംഹാരിയായ ഗാബപന്റിന്‍ 180 ഗുളികകളാണ് കവറിലാക്കി ഇദ്ദേഹം കൊണ്ടുവന്നത്. നിയമനടപടികള്‍ അവസാനിച്ച് നാലര മാസത്തെ ജയില്‍ വാസത്തിന് ശേഷം ഇദ്ദേഹം പുറത്തിറങ്ങിയെങ്കിലും എല്ലാ നിയമ കുരുക്കുകളും അഴിയാന്‍ വീണ്ടും ഏഴര മാസം കാത്തിരിക്കേണ്ടി വന്നു.
രാജ്യത്തിന് പുറത്തുനിന്നുള്ള വിവിധ മരുന്നുകള്‍ സൗദിയില്‍ നിരോധിത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില മരുന്നുകള്‍ നിരോധിച്ചിട്ടില്ലെങ്കിലും കൂടുതല്‍ എണ്ണം കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്. ചില ഇന്ത്യന്‍ മരുന്നുകള്‍ കൊണ്ടുവരുന്നതിന് സൗദിയിലെ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷനോ ശുപാര്‍ശയോ ആവശ്യമാണ്. ഇതറിയാതെ വിവിധ മരുന്നുകള്‍ പ്രവാസികള്‍ സൗദിയില്‍ കൊണ്ടുവരുന്നത് സൂക്ഷിക്കണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
മരുന്ന് സ്വീകരിക്കേണ്ട സുഹൃത്ത് നേരിട്ട് വന്നു കാര്യങ്ങള്‍ വ്യക്തമാക്കിയത് കൊണ്ട് മാത്രമാണ് മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്.

