ഇറാനില്‍ മലയാളിയായ മല്‍സ്യത്തൊഴിലാളിയെ കാണാതായി; അവസാനമായി വീട്ടിലേക്കു വിളിച്ചത് രണ്ടാഴ്ച മുന്‍പ്
വിഴിഞ്ഞം: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇറാനില്‍ പോയ വിഴിഞ്ഞം സ്വദേശിയായ മല്‍സ്യത്തൊഴിലാളിയെ കാണാനില്ലെന്നു ബന്ധുക്കളുടെ പരാതി. വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം വീട്ടില്‍ തദേയൂസി (52)നെ കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി അറിവില്ലെന്ന് കാട്ടി ഭാര്യ എലിസബത്ത് റാണിയാണ് പോലിസിലുള്‍പ്പെടെ പരാതിപ്പെട്ടത്. കഴിഞ്ഞ മാസം 18ന് തദേയൂസ് ഇറാനില്‍ എത്തിയെന്ന് എലിസബത്ത് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള 20 അംഗ സംഘത്തോടൊപ്പമാണ് പോയത്. രണ്ടാഴ്ച മുന്‍പാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്.
ആ സമയത്ത് അവിടെ പ്രശ്‌നമില്ലെന്നും സുരക്ഷിതരാണെന്നും അറിയിച്ചിരുന്നു. പിന്നീട് സ്വന്തം നിലയ്ക്ക് പണം കണ്ടെത്തി മടങ്ങാന്‍ ഇറാന്‍ അധികൃതര്‍ നിര്‍ദേശച്ചുവെന്നു പറഞ്ഞു വിളിച്ചു. ടിക്കറ്റിനുള്ള തുക അയയ്ക്കാനും പറഞ്ഞു. ഇതിനു ശേഷമാണ് ബന്ധപ്പെടാനാകാത്തത്. വാട്‌സാപ് സന്ദേശമയച്ചെങ്കിലും പ്രതികരണമില്ല. മുന്‍പും തദേയൂസ് മല്‍സ്യബന്ധന ജോലിക്ക് ഇറാനില്‍ പോയിട്ടുണ്ട്. യാത്ര സംബന്ധിച്ച കടബാധ്യത തീര്‍ന്നിട്ടില്ലെന്നും എലിസബത്ത് പറഞ്ഞു. സ്വന്തം വീടില്ലാത്ത സ്ഥിതിയിലാണു കുടുംബം. മക്കളായ പ്രജിത്തും ആദര്‍ശും വിദ്യാര്‍ഥികളാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, എംപി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് നഗരസഭാ കൗണ്‍സിലര്‍ പനിയടിമ ജോണ്‍ അറിയിച്ചു.