നാടണയാന്‍ ഇനിയും കാത്തിരിക്കണം; അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളെ താല്‍ക്കാലിക ക്യാംപിലേക്ക് മാറ്റുന്നു

നേരത്തെ അപേക്ഷിച്ചവര്‍ക്കു മെയ് 17 വരെയുള്ള പാസ് നല്‍കിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന അഭ്യൂഹം പരന്നതോടെയാണ് കൂടുതല്‍ പേര്‍ നാട്ടിലേക്കു തിരിക്കുന്നത്.

Update: 2020-05-10 06:15 GMT

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു നാടണയാന്‍ പാസില്ലാതെ എത്തിയ മലയാളികള്‍ ഇനിയും കാത്തിരിക്കണം. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു നാട്ടിലേക്കു തിരിച്ചവരാണ് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കുടുങ്ങിയത്.

അതിനിടെ പാസ് ഇല്ലാതെ വാളയാര്‍ അതിര്‍ത്തിയില്‍ എത്തിയ മലയാളികളെ കോയമ്പത്തൂരിലെ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റാന്‍ തീരുമാനം. ഇവരെ കോയമ്പത്തൂരിനടുത്തുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റും. തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് ബസുകളിലാണ് ഇവരെ മാറ്റുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 172 പേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. അനുമതി ലഭിക്കുന്നതിന് അനുസരിച്ച് ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിക്കും. യാത്ര പാസ് താല്‍കാലികമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സ്പോട്ട് എന്‍ട്രിയിലൂടെ സംസ്ഥാനത്തേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് നിരവധി പേര്‍ എത്തിയത്. എന്നാല്‍ പാസ് ഇല്ലാത്തവരെ കടത്തി വിടരുതെന്ന സര്‍ക്കാരിന്റെ കർശന നിര്‍ദേശത്തെ തുടര്‍ന്ന് പോലിസ് ഇവരെ അതിര്‍ത്തിയില്‍ തടയുകയായിരുന്നു. തലപ്പാടിയിലും മുത്തങ്ങയിലും മഞ്ചേശ്വരത്തും വെള്ളവും ഭക്ഷണവുമില്ലാതെ നൂറുകണക്കിനു മലയാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെയും ക്യാംപുകളിലേക്ക് മാറ്റുമെന്നാണ് വിവരം.

അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍ക്ക് പാസ് അനുവദിക്കാനുള്ള നീക്കം സര്‍ക്കാര്‍തലത്തില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍. എന്നാല്‍ അനുമതിയില്ലാതെ വരുന്നവര്‍ പരിശോധനകള്‍ക്കുള്‍പ്പെടെ പ്രയാസം സൃഷ്ടിക്കുന്നതായും പാസ് ലഭിക്കാത്തവരെ കടത്തിവിടാനാകില്ലെന്നും വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലാ ഭരണകൂടങ്ങളും വ്യക്തമാക്കി.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ അവര്‍ക്കു പോകേണ്ട സ്ഥലത്തെ ജില്ലാ അധികാരികളില്‍ നിന്നുള്ള പാസ് വാങ്ങണമെന്ന നിബന്ധന പാലിക്കാത്തവരെയാണ് തടഞ്ഞതെന്നു അതിര്‍ത്തികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ പാസില്ലാതെ ചെക് പോസ്റ്റുകളില്‍ എത്തുന്നതായും ഇവര്‍ പറയുന്നു.

നേരത്തെ അപേക്ഷിച്ചവര്‍ക്കു മെയ് 17 വരെയുള്ള പാസ് നല്‍കിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന അഭ്യൂഹം പരന്നതോടെയാണ് കൂടുതല്‍ പേര്‍ നാട്ടിലേക്കു തിരിക്കുന്നത്. ഇങ്ങനെ കേരളത്തിലേക്കു പുറപ്പെട്ടവര്‍ക്കു തിരിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനും സാധിക്കുന്നുമില്ല.

കര്‍ണാടകയില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ എഴുപതോളം പേര്‍ ചെക് പോസ്റ്റില്‍ തന്നെ തുടരുകയാണ്. ഇവര്‍ക്കു യാത്രാനുമതി നല്‍കാനാണ് സാധ്യതയെന്നറിയുന്നു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മഞ്ചേശ്വരം, തലപ്പാടി ചെക്ക്പോസ്റ്റില്‍ എത്തിയ മുപ്പതോളം പേര്‍ക്കു കേരളം പാസ് അനുവദിക്കാത്തതിനാല്‍ ഇവരെ അതിര്‍ത്തിയില്‍ തടഞ്ഞു. പാസിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുവദിച്ചില്ലെന്നാണ് സംഘത്തിലുള്ളവര്‍ പറയുന്നത്.

Tags:    

Similar News