മലയാളികള്‍ക്ക് കര്‍ണാടകയില്‍ പ്രവേശന വിലക്ക്

കര്‍ണാടക മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മലയാളികള്‍ക്ക് കര്‍ണാടക പോലിസിന്റെ അപ്രഖ്യാപിത നിയന്ത്രണം.

Update: 2019-12-21 05:30 GMT

തിരുവനന്തപുരം: മലയാളികളെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ കര്‍ണാടക പോലിസ്. കേരളത്തില്‍ നിന്നുള്ളവരാണ് മംഗളുരു സംഘര്‍ഷത്തിന് പിന്നിലെന്ന കര്‍ണാടക മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മലയാളികള്‍ക്ക് കര്‍ണാടക പോലിസിന്റെ അപ്രഖ്യാപിത നിയന്ത്രണം വന്നിരിക്കുന്നത്. അതേസമയം, കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക പോലിസിന്റെ പരിശോധന ശക്തമാണ്. രേഖകള്‍ പരിശോധിച്ച ശേഷം മാത്രമാണ് ആളുകളെ കടത്തിവിടുന്നത്. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ഏതാനും പേരെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ആശുപത്രി, വിമാനത്താവളം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവ ഒഴികെയുള്ള വാഹനങ്ങള്‍ തടയുന്നു. നഗരത്തിലേക്കുള്ള എല്ലാ റോഡുകളിലും കര്‍ശന പരിശോധന തുടരുകയാണ്.

മംഗളൂരു സിറ്റി പോലിസ് കമ്മിഷണറേറ്റ് പരിധിയില്‍ നാളെ അര്‍ധരാത്രി വരെ കര്‍ഫ്യൂ തുടരും. വഴിയില്‍ കൂടി നില്‍ക്കുന്ന ആളുകളോടെല്ലാം പോലിസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭാഗത്ത് കേരള പോലിസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിന്റെ രണ്ട് ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായ സാഹചര്യത്തില്‍ പോലിസ് കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. 

Tags:    

Similar News