മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ കോടികളുടെ അഴിമതി; കെ ടി ജലീലിനും സിപിഎമ്മിനുമെതിരേ ആരോപണവുമായി യൂത്ത് ലീഗ്

താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും തിരൂരില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിച്ച ലില്ലീസ് ഗഫൂറിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് ഭൂമി.

Update: 2020-08-20 09:31 GMT

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ കോടികളുടെ അഴിമതി നടന്നതായും മന്ത്രി കെ ടി ജലീലും സിപിഎമ്മുമാണ് അഴിമതിക്ക് പിന്നിലെന്നും യൂത്ത് ലീഗ് ആരോപിച്ചു. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞതും സിആര്‍ഇസെഡിന്റെ പരിധിയില്‍ വരുന്നതുമായി തുച്ഛവിലയുള്ള ഭൂമിക്ക് ഉയര്‍ന്നവിലയാണ് നിശ്ചയിച്ചിട്ടുള്ളത്. താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും തിരൂരില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിച്ച ലില്ലീസ് ഗഫൂറിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് ഭൂമി.

നേരത്തെ ഈ സ്ഥലം നിര്‍മാണയോഗ്യമല്ലെന്നും ഉയര്‍ന്ന വില നിശ്ചയിച്ചാണ് ഭൂമി ഏറ്റെടുത്തതെന്നും ആരോപണമുയര്‍ന്നപ്പോള്‍ നിര്‍മാണയോഗ്യമാണെന്ന മറുപടിയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. 16,63,66,313 രൂപ വില നിശ്ചയിച്ചതില്‍ 9 കോടി രൂപ ഇതിനകം അനുവദിച്ചുകഴിഞ്ഞു. കെ ടി ജലീല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായതിന് ശേഷമാണ് നാട്ടുകാരുടെയും സ്ഥലം എംഎല്‍എയുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് പണം അനുവദിച്ചത്. എന്നാല്‍, എതിര്‍പ്പുകളും ഉന്നയിച്ച ആരോപണങ്ങളും വസ്തുതാപരമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും സെക്രട്ടറി ആശിഖ് ചെലവൂരും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

2020 ജൂലൈ 16ന് നാഷനല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി സമര്‍പ്പിച്ച പഠനറിപോര്‍ട്ടില്‍ ഈ ഭൂമി സിആര്‍ഇസെഡ് 3ല്‍ നോണ്‍ ഡെവപ്പ്‌മെന്റ് സോണില്‍ ഉള്‍പ്പെടുന്നതാണെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. സിആര്‍ഇസെഡ് 3ല്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് മരട് ഫ്‌ളാറ്റ് പൊളിച്ചുകളയേണ്ടി വന്നതെന്ന് കോടതി ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. നിര്‍മാണയോഗ്യമല്ലാത്ത ഭൂമി ഉയര്‍ന്നവിലയ്ക്ക് ഏറ്റെടുത്ത് ഭരണകക്ഷി എംഎല്‍എയ്ക്കും ഇടതുമുന്നണി സ്ഥാനാര്‍ഥിക്കും വന്‍ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സിപിഎമ്മിനും എത്രപങ്ക് ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒമ്പതുകോടി രൂപ എത്രയുംപെട്ടന്ന് തിരിച്ചുപിടിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.  

Tags:    

Similar News