മലയാളം സർവകലാശാല: ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേട്; പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി

കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

Update: 2019-06-27 05:45 GMT

തിരുവനന്തപുരം: മലയാളം സര്‍വ്വകലാശാലക്കായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.  വിഷയം അടിയന്തരപ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിലപാട് സ്വീകരിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം.

കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ, സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിലുള്ള 2016-ലെ റിപ്പോർട്ടിന് അടിയന്തര പ്രധാന്യമില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഉത്തരവ് ഇറങ്ങിയത് ഈമാസം മൂന്നിനാണെന്നും സ്ഥലമെടുപ്പിൽ റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പങ്കുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

വിഷയം അടിയന്തര പ്രധാന്യമല്ലാത്തതാണെന്ന സ്പീക്കറുടെ നിലപാട് പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കർ ഈ പ്രസ്താവന പിൻവലിക്കണം. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശമാണ് സ്പീക്കർ നിഷേധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, സ്പീക്കർ നിലപാടിൽ ഉറച്ചുനിന്നതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    

Similar News