ഹിതപരിശോധന നടത്തി പള്ളികള്‍ വിഭജിക്കണമെന്ന പാത്രിയാര്‍ക്കീസ് നിലപാടിനെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗം

ഭൂരിപക്ഷമനുസരിച്ച് ആര്‍ക്കും പള്ളികളോ സ്ഥാപനങ്ങളോ കൈക്കലാക്കാനോ വീതംവയ്ക്കാനോ സാധ്യമല്ലെന്ന് സുപ്രിംകോടതി തീര്‍പ്പുകല്‍പിച്ചുകഴിഞ്ഞു. ഹിതപരിശോധനയിലൂടെ തീര്‍പ്പുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീണ്ടും കേസുകള്‍ കൊടുക്കുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ പിആര്‍ഒ ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Update: 2019-03-20 17:49 GMT

കോട്ടയം: കേസുകളുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തി പള്ളികള്‍ വിഭജിക്കണമെന്ന പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്. ഭൂരിപക്ഷമനുസരിച്ച് ആര്‍ക്കും പള്ളികളോ സ്ഥാപനങ്ങളോ കൈക്കലാക്കാനോ വീതംവയ്ക്കാനോ സാധ്യമല്ലെന്ന് സുപ്രിംകോടതി തീര്‍പ്പുകല്‍പിച്ചുകഴിഞ്ഞു. ഹിതപരിശോധനയിലൂടെ തീര്‍പ്പുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീണ്ടും കേസുകള്‍ കൊടുക്കുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ പിആര്‍ഒ ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

പൂര്‍ണമായും ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്ന് സുപ്രിംകോടതി കണ്ടെത്തിയ 1,064 പള്ളികളില്‍ കുറെ പള്ളികള്‍ തങ്ങളുടേതാണെന്ന പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ വാദം അനുചിതമാണ്. സമാധാനത്തിനും ഐക്യത്തിനും തങ്ങള്‍ തയ്യാറല്ലെന്ന അവരുടെ നിലപാടും ഖേദകരമാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശാശ്വതസമാധാനവും ഐക്യവുമാണ് ഓര്‍ത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നത്. കോടതി വിധി മാനിച്ച് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഫലപ്രദമായ അനുരഞ്ജനമാണ് ഉണ്ടാവേണ്ടതെന്ന സര്‍ക്കാര്‍ നിലപാട് സഭ സ്വാഗതം ചെയ്യുന്നു.

1934ലെ ഭരണഘടന സുപ്രിംകോടതി പൂര്‍ണമായും അംഗീകരിച്ചതാണ്. അതിന്റെ സാധുത വീണ്ടും ചോദ്യംചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ട് ഒരു നേട്ടവുമുണ്ടാവുകയില്ല. അങ്കമാലി ഭദ്രാസനത്തില്‍പെട്ട നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍പള്ളി 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നുണ്ടായ ഹൈക്കോടതി വിധിയനുസരിച്ച് ആരാധനയ്ക്കായി പള്ളിയിലെത്തിയ വികാരിയെയും ജനങ്ങളെയും പാത്രിയാര്‍ക്കീസ് വിഭാഗം തടഞ്ഞത് പ്രതിഷേധാര്‍ഹമാണെന്നും ഓര്‍ത്തഡോക്‌സ് സഭ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News