മലങ്കര സഭാതര്‍ക്കം: ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തള്ളി കാതോലിക്കാ ബാവാ

ആക്രമണത്തിന്റെ പാത ക്രൈസ്തവ സഭയ്ക്ക് യോജിച്ചതല്ലെന്ന് ഓര്‍മപ്പെടുത്തിയ അദ്ദേഹം വിധി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നിസ്സംഗതയെ കുറ്റപ്പെടുത്തി.

Update: 2019-12-04 13:18 GMT

കൊച്ചി: മലങ്കര സഭാതര്‍ക്കം സംബന്ധിച്ച് ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തള്ളി ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം എറണാകുളത്ത് സംഘടിപ്പിച്ച സഹന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധി വന്നു കഴിഞ്ഞെന്നും ഇനി മധ്യസ്ഥ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കിയ കാതോലിക്കാ ബാവാ വിഷയം സഭയുടെ ആഭ്യന്തര കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന്റെ പാത ക്രൈസ്തവ സഭയ്ക്ക് യോജിച്ചതല്ലെന്ന് ഓര്‍മപ്പെടുത്തിയ അദ്ദേഹം വിധി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നിസ്സംഗതയെ കുറ്റപ്പെടുത്തി. കോടതി വിധി അംഗീകരിക്കാന്‍ ആകില്ലെന്ന് പറയുന്ന പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ നിലപാട് അരാജകത്വമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

സുപ്രീം കോടതി വിധി അട്ടിമറിക്കപ്പെടുകയും യാക്കോബായ വിഭാഗത്തിന്റെ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ സഹനസമരം സംഘടിപ്പിച്ചത്.

തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്താ യൂഹാനോന്‍ മാര്‍ മിലീത്തോസ്, ഒസിവൈഎം പ്രസിഡന്റും നിരണം ഭദ്രാസന മെത്രാപ്പൊലീത്തായുമായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, സിനഡ് സെക്രട്ടറി ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, വൈദിക ട്രസ്റ്റി ഫാദര്‍. ഡോ. എം ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മന്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പര്‍ മിന്റ മറിയം വര്‍ഗീസ്, എല്‍ജോവ് സി ചുമ്മാര്‍, തോമസ് പോള്‍ റമ്പാച്ചന്‍, ഫാ.സി എം രാജൂ ഫാ. ഔഗേന്‍ റമ്പാന്‍, ഫാ. വര്‍ഗീസ് റ്റി വര്‍ഗീസ് , ഫാ. അജി കെ തോമസ്, ഫാ. ഫിലിപ്പ് തരകന്‍, ജോജി പി തോമസ്, റോണി വര്‍ഗീസ് , ഫാ.ജെസ്സന്‍, ഫാ. ജോണ്‍ ഈപ്പന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Similar News