ഇടപ്പള്ളിയില്‍ വന്‍ തീപ്പിടിത്തം: വര്‍ക്ക് ഷോപ്പും കാര്‍ അക്‌സസറീസ് കടയും കത്തിനശിച്ചു
കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ തീപ്പിടിച്ച് വ്യാപക നാശനഷ്ടം. തര്യന്‍ ജോണ്‍ മലമേല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റെജി ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'ഹിറോഷി മോട്ടോഴ്‌സ്' എന്ന കാര്‍ ഓഡിയോ ആന്‍ഡ് വീഡിയോ ഇലക്ട്രോണിക്‌സ് സ്ഥാപനവും ജോളി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'മോട്ടോലാന്‍ഡ്' ടൂവീലര്‍ വര്‍ക്ക് ഷോപ്പുമാണ് കത്തിനശിച്ചത്. തൃക്കാക്കര, ഏലൂര്‍, ഗാന്ധിനഗര്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി എത്തിയ നാല് യൂണിറ്റ് സേനാംഗങ്ങള്‍ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.55 ഓടെയായിരുന്നു തീപ്പിടിത്തം. അപകടത്തില്‍ എട്ടോളം ഇരുചക്ര വാഹനങ്ങള്‍, റിപ്പയര്‍ ഉപകരണങ്ങള്‍, വിവിധ തരത്തിലുള്ള കാര്‍ ആക്സസറികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. കൂടാതെ സ്ഥാപനങ്ങളിലുണ്ടായിരുന്ന ഫയലുകളും ഫര്‍ണിച്ചറുകളും നശിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടാകുമ്പോള്‍ ഹിറോഷി മോട്ടേഴ്‌സില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ഉടന്‍ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളവും ഫോമും ഉപയോഗിച്ചാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണച്ചത്.
