കുറ്റിപ്പുറം പാലം: രാത്രിയിലെ ഗതാഗതനിരോധനം ഇന്ന് അവസാനിക്കും; നാളെ മുതല്‍ അഞ്ചുദിവസത്തേക്ക് നിയന്ത്രണം

കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന യാത്രാവാഹനങ്ങള്‍ മാത്രമാണ് രാത്രിയില്‍ പാലത്തിലൂടെ കടത്തിവിടുക. ഇരുഭാഗത്തേക്കും നടന്നുപോവാനുള്ള സൗകര്യമുണ്ടാവും. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തുക.

Update: 2019-11-15 06:58 GMT

കുറ്റിപ്പുറം: അറ്റകുറ്റപ്പണികള്‍ക്കായി ദേശീയപാത 66ല്‍ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രിയിലെ ഗതാഗതനിരോധനം ഇന്ന് അവസാനിക്കും. അതേസമയം, ശനിയാഴ്ച രാത്രിമുതല്‍ അഞ്ചുദിവസത്തേക്ക് പാലത്തില്‍ വീണ്ടും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന യാത്രാവാഹനങ്ങള്‍ മാത്രമാണ് രാത്രിയില്‍ പാലത്തിലൂടെ കടത്തിവിടുക. ഇരുഭാഗത്തേക്കും നടന്നുപോവാനുള്ള സൗകര്യമുണ്ടാവും. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തുക. അറ്റകുറ്റപ്പണികള്‍ നിശ്ചിതസമയപരിധിയില്‍ തീരാത്തതിനാലാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈമാസം ആറുമുതലാണ് പാലം അടച്ചുള്ള നവീകരണപ്രവൃത്തികള്‍ തുടങ്ങിയത്.

എട്ടുദിവസത്തിനകം എല്ലാ പണികളും പൂര്‍ത്തിയാക്കാമെന്നാണ് അധികൃതര്‍ കരുതിയിരുന്നത്. കണക്കുകൂട്ടലുകള്‍ തെറ്റിയതോടെ അവസാനഘട്ട ടാറിങ് ജനുവരിയിലേക്ക് മാറ്റിവച്ചിരുന്നു. ശബരിമല തീര്‍ഥാടനകാലത്തിനുമുമ്പ് പണികള്‍ തീര്‍ക്കേണ്ടതുള്ളതിനാല്‍ വെള്ളിയാഴ്ചയോടെ പണികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഉപരിതലത്തില്‍ നടക്കുന്ന മാസ്റ്റിക് അസ്വാള്‍ട്ട് ഉപയോഗിച്ചുള്ള ടാറിങ് പാതിവഴിയില്‍ നിര്‍ത്തേണ്ടിവരും. ഇതൊഴിവാക്കാനാണ് പൂര്‍ണഗതാഗതനിരോധനത്തിന് പകരം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി ഇപ്പോള്‍ നടക്കുന്ന പണികള്‍ പൂര്‍ത്തീകരിക്കുന്നത്. ശേഷിക്കുന്ന പണികള്‍ ശബരിമല തീര്‍ഥാടനകാലത്തിനുശേഷം ജനുവരിയില്‍ പൂര്‍ത്തിയാക്കും. പാലത്തിന്റെ ഉപരിതലവും സമീപത്തെ റോഡും 71 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിക്കുന്നത്.

റോഡ് ഇന്റര്‍ലോക്ക് വിരിച്ച് നവീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്ന ഭാരവാഹനങ്ങള്‍ ഒഴികെയുള്ള യാത്രാവാഹനങ്ങളാണ് പാലത്തിന്റെ ഒരുഭാഗത്തുകൂടി കടത്തിവിടുക. ശബരിമല തീര്‍ഥാടകരുടെ സൗകര്യംകൂടി കണക്കിലെടുത്താണിത്. തൃശൂരില്‍നിന്ന് വരുന്ന എല്ലാ വാഹനങ്ങള്‍ക്കും തുടര്‍ന്നും നിരോധനമുണ്ടാവും. കേരളത്തിലെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പാലമാണ് കുറ്റിപ്പുറത്തേത്. 1953ലാണ് കുറ്റിപ്പുറം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നില്ല.  

Tags: