മാഹിപ്പാലം അപകടാവസ്ഥയില്‍: ശാശ്വതപരിഹാരമാവശ്യപ്പെട്ട് നിവേദനമയച്ച് എസ്ഡിപിഐ
ന്യൂമാഹി: ദേശീയപാതയില്‍ കണ്ണൂര്‍ ജില്ലയുടെയും കേന്ദ്രഭരണ പ്രദേശമായ മയ്യഴിയുടെയും അതിര്‍ത്തി പങ്കിടുന്ന അപകടാവസ്ഥയിലായ മാഹിപ്പാലം പുതുക്കിപ്പണിത് എത്രയും പെട്ടെന്ന് ശാശ്വതപരിഹാരം കാണണമെന്ന് അഭ്യര്‍ഥിച്ച് എസ്ഡിപിഐ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനമയച്ചു. മാഹി മേഖലാ കമ്മിറ്റി പ്രസിഡന്റ് നാസിര്‍ ചെറുക്കല്ലായിയുടെ നേതൃത്വത്തില്‍ മേഖലാ കമ്മിറ്റി അംഗങ്ങളായ മന്‍സൂര്‍, ഹൈദര്‍ അലി, സലാം തുടങ്ങിയവര്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയും പാലത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കുകയും അധികൃതരുടെ പെട്ടെന്നുള്ള ഇടപെടലിന് വേണ്ടി ദേശീയപാതാ അതോറിറ്റിക്കും സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്കും പോണ്ടിച്ചേരി മുഖ്യമന്ത്രിക്കും നിവേദനം അയക്കുകയുമായിരുന്നു.
കാലപ്പഴക്കവും അവഗണനയും മൂലം അപകടത്തിലായ മാഹി പാലത്തിന് പുതിയപാലം വേണമെന്ന ആവശ്യത്തിനു ജനകീയ പിന്തുണയേറുകയാണ്. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ പാലത്തിന്റെ മാഹി ഭാഗത്തെ കോണ്‍ക്രീറ്റ് പാളി പൂര്‍ണമായും തകരുകയും വാഹന ഗതാഗതം തടസ്സപ്പെടുംവിധം പ്രശ്‌നം സങ്കീര്‍ണമാവുകയും ചെയ്യും. പുതിയ പാലം പണിയലാണ് ഇതിനൊരു ശാശ്വത പരിഹാരം. അധികൃതരുടെ ഭാഗത്തുനിന്നും ഇതിനൊരു അന്തിമവും ശാശ്വതവുമായ പരിഹാരം ഉടന്‍ കാണണമെന്നും കൂടുതല്‍ അപകടാവസ്ഥയിലേക്ക് നയിക്കുന്ന അനാസ്ഥയും അവഗണയും തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭസമരവുമായി പാര്‍ട്ടി മുന്നോട്ടുപോവുമെന്നും നിവേദനത്തില്‍ മുന്നറിയിപ്പ് നല്‍കി.
