മഹാരാഷ്ട്ര പോലിസ് മാനുഷിക പരിഗണന നല്‍കിയില്ല, ബിജെപിയില്‍ നിന്നും ശിവസേനയില്‍ നിന്നും ജീവന് ഭീഷണി: ഫാദര്‍ സുധീറും ഭാര്യയും

Update: 2026-01-01 08:16 GMT

മുംബൈ: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലിസിനും ബിജെപി- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുമെതിരേ മലയാളി വൈദികന്‍ ഫാ. സുധീര്‍ ജോണ്‍. മഹാരാഷ്ട്ര പോലിസ് മാനുഷിക പരിഗണന പോലും നല്‍കിയില്ലെന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും സിഎസ്‌ഐ വൈദികന്‍ സുധീര്‍ പറഞ്ഞു. ബിജെപിയില്‍ നിന്നും ശിവസേനയില്‍ നിന്നും ബജ്‌റംഗദള്ളില്‍ നിന്നും ജീവന് ഭീഷണിയാകുന്ന പ്രവര്‍ത്തികള്‍ ഉണ്ടായെന്നും പോലിസ് ഏകപക്ഷീയമായാണ് പ്രവര്‍ത്തിച്ചതെന്നും സുധീര്‍ ആരോപിച്ചു.

ഇത്രയും ആളുകള്‍ ചേര്‍ന്നുള്ള ആക്രമണം ആദ്യമായാണ്. ബൈബിള്‍ കൈയ്യില്‍ പിടിച്ചു, സ്ഥാനവസ്ത്രം ധരിച്ചു എന്നുമാണ് പോലിസ് പറയുന്നത്. ബൈബിള്‍ വായിക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് ഇന്ത്യയിലില്ലേയെന്ന് സുധീര്‍ ചോദിക്കുന്നു. സഭാ വസ്ത്രം ഉപയോഗിക്കരുതെന്ന് പോലിസ് നിര്‍ബന്ധിച്ചു. സഭാ വസ്ത്രം അവകാശമാണ് എന്ന് പറഞ്ഞിട്ട് പോലും അംഗീകരിച്ചില്ലെന്നും ഫാ. സുധീര്‍ പറഞ്ഞു. പിടിയില്‍ ആയവരെ അന്വേഷിച്ച പോലിസ് സ്റ്റേഷനില്‍ എത്തിയ ആളുകളോട് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ടു. അമ്പതിനായിരം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. അന്വേഷിച്ചെത്തിയ നാല് പേരെയും ഇവര്‍ മര്‍ദ്ദിച്ചു. എന്നിട്ടും പോലിസ് അന്വേഷിച്ചു എത്തിയവര്‍ക്കെതിരെ കേസ് എടുക്കുകയാണ് ചെയ്തതെന്ന് സുധീര്‍ ആരോപിച്ചു.

ക്രിസ്മസ് ആരാധന മതപരിവര്‍ത്തന പരിപാടിയല്ല. തങ്ങള്‍ ആരെയും നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറില്ലെന്നും സുധീറിന്റെ ഭാര്യ ജാസ്മിനും പറഞ്ഞു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മോശമായി പെരുമാറാന്‍ ശ്രമിച്ചെന്നും ഫാദര്‍ സുധീറിന്റെ ഭാര്യ പ്രതികരിച്ചു. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് വിശദമായി പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഫാ. സുധീറും ഭാര്യയും പറയുന്നു.